നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കാണുള്ളത്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലു പോലെ, രാത്രിയിലെ ആഹാരം കുറച്ച് മാത്രമേ കഴിക്കാവൂ.കൂടാതെ, രാത്രി 8ന് മുമ്പ് ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കും.
ഉറങ്ങുന്ന സമയം, നമ്മുടെ ശരീരം വിശ്രമാവസ്ഥയിലായിരിക്കും അതുകൊണ്ട്, ഭക്ഷണം ദഹിക്കാനും സമയം കൂടുതലായി വേണ്ടിവരും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.അമിതമായി കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കി പകരം പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളാണ് രാത്രിയില്‍ കഴിക്കേണ്ടത്.
നിങ്ങളുടെ ഭക്ഷണ സമയം നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കൽ, ഉപാപചയ നിയന്ത്രണം, ഹൃദയാരോഗ്യം, ഉറക്കചക്രം എന്നിവയെയും ബാധിക്കും. രാത്രിയില്‍ അമിതമായി കഴിക്കുന്നത് ശരീര ഭാരം കൂടുന്നതിനും, കുടവയര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും. രാത്രിയില്‍ കഴിക്കുന്ന ആഹാരം ദഹിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നതാണ് ഇതിന് കാരണം.
അത്താഴം കഴിച്ചാല്‍ അരക്കാതം നടക്കുകയെന്ന പഴമൊഴിയ്ക്കും ആരോഗ്യ കാര്യത്തിലും കുടവയർ/ തടി കുറയ്ക്കുന്നതിലും മുഖ്യപങ്കുണ്ട്. അത്താഴ ശേഷം ഉടന്‍ പോയി കിടക്കുകയോ ഇരിയ്ക്കുകയോ ചെയ്യരുത്.ഇത് തടി കൂടാനുള്ള പ്രധാനപ്പെട്ട കാരണമാണ്.വലിയ വ്യായാമങ്ങള്‍ ഒന്നും വേണ്ടാ, അത്താഴ ശേഷം ഒരു അര മണിക്കൂര്‍ നേരം നടക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ചെറുതല്ല.തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല, നല്ല ഉറക്കത്തിനും ഇത് സഹായിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് സഹായിക്കുന്നു.