തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നുവരുന്നതെന്ന് കെ-റെയില്‍.റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടിയ ശേഷം മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേക്ക് കടക്കുകയുള്ളൂ.
ഭൂമി ഏറ്റെടുക്കുമ്ബോള്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിക്കും.മറ്റ് പദ്ധതികള്‍ക്കായി ഭൂമി എറ്റെടുക്കുന്നതുപോലെ മാനുഷികവും സുതാര്യവുമായ നടപടിക്രമങ്ങളിലൂടെയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടിയും ഭൂമി ഏറ്റെടുക്കുന്നതെന്നും കെ-റെയില്‍ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് മൊത്തം 1383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുള്ളത്. 2019 ലാണ് ഫീസിബിലിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് റെയില്‍വേ ബോര്‍ഡ് പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ മെമ്മോറാണ്ടം അനുസരിച്ച്, തത്ത്വത്തില്‍ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രാഥമിക നടപടികള്‍ ആരംഭിക്കാം. വായ്പനടപടികളുമായി മുന്നോട്ടുപോകാനും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്ര ധനമന്ത്രി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതാണെന്നും കെ-റെയില്‍ വിശദീകരിക്കുന്നു.