കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിന് യൂറോപ്പില്‍ പന്തു തട്ടാന്‍ അവസരമൊരുങ്ങുന്നു.ഇംഗ്ലീഷ് സെക്കന്‍ഡ് ഡിവിഷന് ക്ലബായ ബ്ലാക്ബേണ്‍ റോവേഴ്സാണ് താരത്തെ ട്രയലിനായി വിളിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ മികച്ച കളിയാണ് സഹല്‍ പുറത്തെടുത്തിരുന്നത്. 21 കളികളില്‍നിന്ന് ആറു ഗോളുകള്‍ നേടിയ താരം ഒരു അസിസ്റ്റും നല്കി. കണ്ണൂരാണ് സഹലിന്റെ സ്വദേശം. ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ 2019-ലെ എമേർജിങ് പ്ലയർ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പൗള്‍ട്രി ഭീമനായ വെങ്കീസിന്റെ (വെങ്കിടേശ്വര ഹാച്ചറീസ് ഗ്രൂപ്പ്) ഉടമസ്ഥതയിലുള്ളതാണ് ഈസ്റ്റ് ലങ്കന്‍ഷെയര്‍ ആസ്ഥാനമായ ബ്ലാക്ബേണ്‍ റോവേഴ്സ് ക്ലബ്. 2010ലാണ് വെങ്കീസ് ബ്ലാക്ബേണിനെ 23 ദശലക്ഷം പൗണ്ട് മുടക്കി ഏറ്റെടുത്തത്. ക്ലബിന്റെ 20 ദശലക്ഷം പൗണ്ട് കടവും വെങ്കീസ് ഏറ്റെടുത്തിരുന്നു.
ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് സംവിധാനത്തിലെ രണ്ടാം ഡിവിഷനായ ഇഎഫ്എല്‍ ചാമ്ബ്യന്‍ഷിപ്പിലാണ് നിലവില്‍ ബ്ലാക്ബേണ്‍ കളിക്കുന്നത്.