സമവായമായില്ല; മുല്ലപ്പെരിയാര്‍ ഡാമിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മേല്‍നോട്ട സമിതിക്ക് കൈമാറണമെന്ന് കേരളം; കൈമാറാനാകില്ലെന്ന് തമിഴ്നാട്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിയുടെ അധികാരം സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മില്‍ നടത്തിയ സംയുക്ത യോഗത്തില്‍ സമവായമായില്ല. അണക്കെട്ടിന്റെ നിയന്ത്രണം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ കഴിയില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. അതേസമയം റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ സ്‌കീം എന്നിവയുള്‍പ്പടെ അണക്കെട്ടുമായി ബന്ധെപ്പട്ട എല്ലാ പ്രവര്‍ത്തനങ്ങളും മേല്‍നോട്ട സമിതിക്ക് കൈമാറണമെന്ന് കേരളം ആവശ്യപ്പെട്ടു. സംയുക്ത സമിതി യോഗത്തിന്റെ മിനുട്സ് മാര്‍ച്ച് 29ന് സുപ്രീം കോടതിക്ക് കൈമാറും.
സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കാന്‍ കേരളവും തമിഴ്‌നാടും സംയുക്ത യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് അണക്കെട്ടിന്റെ പൂര്‍ണ നിയന്ത്രണം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ കഴിയില്ലെന്ന് തമിഴ്നാട് വ്യക്തമാക്കിയത്.
2006-ലെയും, 2014-ലെയും സുപ്രീം കോടതി വിധികളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടും ബേബി ഡാമും ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉണ്ട്. ഈ നിര്‍ദേശങ്ങളാണ് മേല്‍നോട്ട സമിതി നടപ്പിലാക്കേണ്ടതെന്നും തമിഴ്നാട് സര്‍ക്കാര്‍ സംയുക്ത സമിതി യോഗത്തില്‍ അവതരിപ്പിച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും മേല്‍നോട്ട സമിതിക്ക് കൈമാറണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുന്ന കാര്യത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ തര്‍ക്കമില്ല. നിലവില്‍ കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്റെ പ്രതിനിധി അധ്യക്ഷനായ മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെയും തമിഴ്നാടിന്റേയും ഓരോ അംഗങ്ങള്‍ ഉണ്ട്. മൂന്ന് അംഗ സമിതി ഇരു സംസ്ഥാനങ്ങളുടെയും ഒരു സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി അഞ്ച് അംഗ സമിതിയാക്കണമെന്ന നിര്‍ദേശമാണ് സംയുക്ത യോഗത്തില്‍ ഉണ്ടായത്.
കേസില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരാണ് സംയുക്ത യോഗത്തില്‍ പങ്കെടുത്തത്. സംയുക്ത യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ഇരു സംസ്ഥാനങ്ങളുടെയും സര്‍ക്കാര്‍ തലത്തില്‍ ഒരു വട്ടം കൂടി ചര്‍ച്ച ചെയ്ത ശേഷമാകും ചൊവ്വാഴ്ച സുപ്രീം കോടതിക്ക് കൈമാറുക.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നു. സംയുക്ത യോഗത്തിന്റെ മിനുട്സ് പരിഗണിച്ച ശേഷമാകും മുല്ലപെരിയാര്‍ ഹര്‍ജികളില്‍ സുപ്രീം കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കുക.