World

പാകിസ്താന്‍ പ്രധാനമന്ത്രിക്കെതിരേ അവിശ്വാസം; വോട്ടെടുപ്പ് 31ന്

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ അവിശ്വാസ പ്രമേയം നാഷണല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് പ്രമേയം അവതരിപ്പിച്ചത്. 16 എം.എന്‍.എമാര്‍ പിന്തുണച്ചതോടെ സ്പീക്കര്‍ പ്രമേയം അംഗീകരിച്ചു.

പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിഞ്ഞു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം മാര്‍ച്ച് 31-ന് ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ക്വാസിം ഖാന്‍ സൂരി അറിയിച്ചു. പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പ് മൂന്നുദിവസത്തിനു ശേഷവും ഏഴുദിവസത്തിനുള്ളിലും നടക്കണം. അതായത് വോട്ടെടുപ്പ് നടക്കാന്‍ സാധ്യതയുള്ള ഏറ്റവും അടുത്ത തീയതി മാര്‍ച്ച് 31- ആണ്.

അതേസമയം അവിശ്വാസത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കപ്പെടുമെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. സഖ്യ കക്ഷിയുമായുള്ള ബന്ധം സംരക്ഷിക്കാന്‍, ഇമ്രാന്‍ ഖാന്‍ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി സ്ഥാനം പിഎംഎല്‍(ക്യു) ന്റെ പര്‍വേസ് ഇലാഹിക്ക് വാഗ്ദാനം ചെയ്യുമെന്ന് സൂചനയുണ്ട്.

അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ ചില അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ 24 വിമതര്‍ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. പ്രതിപക്ഷ കക്ഷിയായ പിഎംഎല്‍-നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാരാണ് പ്രമേയത്തെ പിന്തുണക്കുന്നത്.

സൈന്യത്തിന്റെ പിന്തുണ നഷ്ടമായതും ഇമ്രാന്‍ ഖാന് തിരിച്ചടിയായിരുന്നു. അവിശ്വാസ പ്രമേയത്തിന് മുന്‍പ് രാജിവെയ്ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു. 342 അംഗ ദേശീയ അസംബ്ലിയില്‍ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ 2018ല്‍ അധികാരത്തിലേറുന്നത്.

 

Back to top button
error: