കോവിഡിനെത്തുടർന്ന് രണ്ടു വർഷമായി നിർത്തിവച്ചിരുന്ന രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. കോവിഡിനു മുന്‍പ് പ്രതിവാരം നാലായിരത്തിലധികം സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് കോവിഡ് കാലം തുടങ്ങിയത് മുതൽ രണ്ടായിരം സർവീസുകളായി ചുരുങ്ങി. ഇതോടെ ടിക്കറ്റ് വില വർധിക്കുകയും ചെയ്തു.
രാജ്യാന്തര സർവീസുകൾ പഴയപടിയാകുന്പോൾ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ. വിമാനയാത്രികരും വിമാനത്താവളങ്ങളും പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾക്കും മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സാമൂഹിക അകലം ഉറപ്പാക്കാൻ ഇനിമുതൽ സീറ്റുകൾ ഒഴിച്ചിടേണ്ടതില്ല. വിമാനങ്ങൾക്കുള്ളിൽ എയർ ഹോസ്റ്റസുമാർ, ക്യാബിൻ ക്രൂ എന്നിവർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലും വിമാനങ്ങൾക്കുള്ളിലും മാസ്ക് ധരിക്കുന്നത് തുടരണം.
ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിലേക്ക് പ്രതിവാരം 170 സർവീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 14 എണ്ണം കൊച്ചിയിൽ നിന്നും ഏഴെണ്ണം തിരുവനന്തപുരത്ത് നിന്നുമാണ്. മുംബൈ- 35, ന്യൂഡൽഹി- 28, ബംഗളൂരു- 24, ചെന്നൈ- 21, ഹൈദരാബാദ്- 21, കോൽക്കത്ത- 11, അഹമ്മദാബാദ്- 9 എന്നിങ്ങനെയാണ് മറ്റ് സർവീസുകൾ. യുകെയിലെ വെർജിൻ അറ്റ്ലാന്റിക് ഡൽഹിയിലേക്ക് ജൂണ്‍ മുതൽ ഒരു പ്രതിദിന സർവീസ് കൂടി ആരംഭിക്കും.