സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് സർക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മന്ത്രിയുടെ പിടിവാശികൊണ്ടാണ് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന ബസുടമകളുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണ്. ചില നേതാക്കളുടെ സ്ഥാപിത താത്പര്യമാണ് സമരത്തിന് കാരണം. സമരം പിൻവലിക്കാൻ ബസുടമകൾ തയാറാകണമെന്നും മന്ത്രി പറഞ്ഞു.
നിരക്ക് വർധിപ്പിക്കുമെന്ന വാക്ക് മന്ത്രി പാലിച്ചില്ലെന്ന വിമർശനത്തിന് വാക്ക് പാലിച്ച് തന്നെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന വിശദീകരണമാണ് മന്ത്രി നൽകിയത്.
നിരക്ക് വർധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും സർക്കാർ ചർച്ചയ്ക്ക് പോലും താത്പര്യം കാണിക്കുന്നില്ലെന്നും നേരത്തെ ബസുടമകൾ വിമർശനം ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച മുതൽ തുടങ്ങിയ സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.