മാറ്റി നിര്‍ത്തിയില്ല, ചേര്‍ത്തുനിര്‍ത്തി… നേതൃനിരയിലേക്ക്; ഡി.വൈ.എഫ്.ഐ. നേതൃത്വ നിരയിലേക്ക് ആദ്യമായി ട്രാന്‍സ് വുമണ്‍
കോട്ടയം: ഡിവൈഎഫ്‌ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ഒരു ട്രാന്‍സ് വുമണ്‍ പ്രാതിനിധ്യം. ഡിവൈഎഫ്‌ഐയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേക്കാണ് ചങ്ങനാശേരി സ്വദേശിനി ലയ മരിയ ജെയ്‌സന്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ട്രാന്‍സ് ജെന്‍ഡര്‍ വനിതയായ ലയ മരിയ ജയ്‌സനെ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്.
നിലവില്‍ തിരുവനന്തപുരത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രോജക്റ്റ് അസിസ്റ്റന്റാണ് 30കാരിയായ ലയ. ചങ്ങനാശേരി എസ്.ബി. കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലയ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. 2016ല്‍ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. 2019ല്‍ ഡിവൈഎഫ്‌ഐ അംഗത്വം എടുത്തു.
ട്രാന്‍സ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ തന്റെ അംഗത്വം കരുത്തുനല്‍കുമെന്ന് ലയ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും സഹായിക്കും. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്ത്വം ഏറെ അഭിമാനത്തോടെ നിര്‍വ്വഹിക്കുമെന്നും ലയ പറഞ്ഞു. പാര്‍ട്ടിയില്‍ ഇതുവരെ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല. പുരോഗമന പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ചേര്‍ത്തുപിടിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരാനുണ്ടെന്നും ലയ പറഞ്ഞു.