Kerala

പ്രമുഖ നരവംശ ശാസ്ത്രജ്ഞനോട് എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞത് ”ഇനി മിണ്ടിയാല്‍ അകത്താക്കും”

തിരുവനന്തപുരം: പ്രമുഖ നരവംശ ശാസ്ത്രജ്ഞനായ ഇറ്റാലിയന്‍ പൗരന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തിരികെ അയച്ച നടപടി ദുരൂഹമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മുപ്പതു വര്‍ഷമായി കേരളത്തില്‍ വന്നു പഠനം നടത്തുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്തത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പോലും അത്ഭുതകരമാണ്. എമിഗ്രേഷന്‍ അധികൃതര്‍ വളരെ മോശമായാണ് അദ്ദേഹത്തോട് പെരുമാറിയത്. മടക്കി അയക്കുന്നതിന്റെ കാരണം ചോദിക്കാന്‍ ശ്രമിച്ച അദ്ദേഹത്തോട് ഇനി മിണ്ടിയാല്‍ തടവിലാക്കിക്കളയുമെന്നാണ് എമിഗ്രേഷന്‍ അധികൃതര്‍ മറുപടി പറഞ്ഞതെന്നും എംഎ ബേബി പറഞ്ഞു.

എം.എ. ബേബിയുടെ വാക്കുകള്‍: ”ഫിലിപ്പോ ഒസെല്ലായെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചത് വളരെ ദുരൂഹമായിരിക്കുന്നു. കേരളത്തെക്കുറിച്ച് പഠനം നടത്തുന്ന യൂറോപ്യന്‍ പണ്ഡിതരില്‍ പ്രമുഖനാണ് അദ്ദേഹം. കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളും അക്കാദമിക് സ്ഥാപനങ്ങളും ചേര്‍ന്നു നടത്തുന്ന ഒരു അക്കാദമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്ത് വന്ന് ഇറങ്ങിയത്. വന്ന വിമാനത്തില്‍ തന്നെ അദ്ദേഹത്തെ തിരിച്ചയച്ച ഇമിഗ്രേഷന്‍ അധികൃതര്‍ വളരെ മോശമായി പെരുമാറി എന്നും പറയുന്നു. കാരണം ചോദിക്കാന്‍ ശ്രമിച്ച അദ്ദേഹത്തോട് ഇനി മിണ്ടിയാല്‍ തടവിലാക്കിക്കളയും എന്നാണ് മറുപടി പറഞ്ഞത്. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് ബാഗില്‍ നിന്ന് എടുക്കാന്‍ പോലും അദ്ദേഹത്തെ അനുവദിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. ഗവേഷണത്തിനുള്ള ഒരു വര്‍ഷത്തെ വിസ ഉള്ള അദ്ദേഹത്തെ, കഴിഞ്ഞ മുപ്പതു വര്‍ഷമായി കേരളത്തില്‍ വന്നു പഠനം നടത്തുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്തത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പോലും അത്ഭുതകരമാണ്.”

”കേരളത്തിലെ ഈഴവസമുദായത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്വാധീനം, മുസ്ലിം സമുദായത്തിലെ നവോത്ഥാനം എന്നീ വിഷയങ്ങള്‍ പഠിച്ചിട്ടുള്ള അദ്ദേഹം കേരളതീരത്തെ മത്സ്യത്തൊഴിലാളികളില്‍ കോവിഡും കാലാവസ്ഥാ മാറ്റവും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആണ് ഇത്തവണ വന്നത്. വ്യവസ്ഥാപിത വിസ ഉള്ള ഒരു പണ്ഡിതനെ തിരിച്ചയച്ച കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വിശദീകരണം നല്കേണ്ടതാണ്. ലോകമെങ്ങും നിന്നുള്ള പണ്ഡിതരുമായി നമ്മുടെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും ബൗദ്ധിക കൊടുക്കല്‍ വാങ്ങല്‍ ഉണ്ടാവേണ്ടതാണ്. അതിന് വേണ്ടിയുള്ള പല ശ്രമങ്ങളും കേരള സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. മറ്റു പ്രധാന സര്‍വകലാശാലകളും നടത്തുന്നു.

1980കള്‍ മുതല്‍ കേരളവുമായി അടുത്ത ബന്ധം ഇംഗ്ലണ്ടിലെ ഫാല്‍മര്‍ പ്രദേശത്ത് 1959ല്‍ സ്ഥാപിച്ച സസക്സ് സര്‍വ്വകലാശാലയിലെ നരവംശശാസ്ത്ര ദക്ഷിണേഷ്യന്‍ പഠന വിഭാഗം പ്രൊഫസറാണ് ഫിലിപ്പോ ഒസെല്ല. നരവംശശാസ്ത്രത്തില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഗ്ലോബല്‍ സ്റ്റഡീസ് എന്നീ മേഖലകളിലും അദ്ദേഹം ഗവേഷണം ചെയ്യുന്നുണ്ട്. കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി ഗവേഷണം ചെയ്യുന്ന വ്യക്തി കൂടിയാണ് ഫിലിപ്പോ ഒസെല്ല. ഗവേഷണത്തിന്റെ ഭാഗമായി നിരവധി തവണ അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1980കള്‍ മുതല്‍ കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഒസെല്ല. മലയാളികളുടെ ജീവിതം, ബന്ധങ്ങള്‍, ശീലങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നിവയെ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

ഇസ്ലാമിക് റിഫോം ഇന്‍ സൗത്ത് ഏഷ്യ, സോഷ്യല്‍ മൊബിലിറ്റി ഇന്‍ കേരള: മോഡേണിറ്റി ആന്റ് ഐഡന്റിറ്റി ഇന്‍ കോണ്‍ഫല്‍ക്റ്റ്, റിലീജിയണ്‍ ആന്റ് മൊറാലിറ്റി ഓഫ് മാര്‍ക്കറ്റ്, ഇസ്ലാംപൊളിറ്റിക്സ്ആന്ത്രപോളജി, സൗത്ത് ഏഷ്യന്‍ മസ്‌കുലിനിറ്റീസ്, മെന്‍ ആന്റ് മസ്‌കുലിനിറ്റീസ് ഇന്‍ സൗത്ത് ഇന്ത്യ, മൈഗ്രേഷന്‍ മോഡേണിറ്റി ആന്റ് സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ തുടങ്ങിയ നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. മുന്‍പ് കേരളത്തിലെത്തിയപ്പോഴൊന്നും ഇത്തരത്തിലുള്ള നടപടി ഒസെല്ലയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. അന്നൊന്നുമില്ലാത്ത എന്തു പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്ന് പൊതുസമൂഹം അറിയേണ്ടതുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം വിലക്കിന്റെ കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Back to top button
error: