നെയ്യാറ്റിൻകര: കേരളീയ മനഃസാക്ഷിയെ ചുട്ടുപൊള്ളിച്ച ‘കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച ദമ്പതിക’ളായ രാജൻ- അമ്പിളിമാരുടെ മൂത്ത മകൻ ആർ. രാഹുൽരാജിന് ജോലി ലഭിച്ചു. നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിൽ സെയിൽസ് മാൻ തസ്തികയിലാണ് നിയമനം.
ജോലി സംബന്ധിച്ച രേഖ, രാഹുലിനു മന്ത്രി വി.എൻ. വാസവൻ കൈമാറി.
2020 ഡിസംബർ 22ന് ആണ്, നെയ്യാറ്റിൻകര വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിക്കും കുടിയൊഴിപ്പിക്കലിനിടെ ഗുരുതരമായി തീപ്പൊള്ളലേറ്റത്.
ഇരുവരും പിന്നീട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. അവകാശ തർക്കമുള്ള ഭൂമിയിൽ പിതാവിനെയും മാതാവിനെയും സംസ്കരിക്കാൻ ഇളയ മകൻ രഞ്ജിത്ത് കുഴി വെട്ടിയതും കേരളം വേദനയോടെ കണ്ട കാഴ്ചയായിരുന്നു. അതി ദാരുണമായ സംഭവത്തെ തുടർന്ന് സർക്കാർ ഈ കുട്ടികൾക്ക് വീടു നൽകാമെന്നും നെല്ലിമൂട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇവരിൽ ഒരാൾക്ക് ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
ജോലി ലഭിച്ചെങ്കിലും ‘വീട്’ എന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. ബന്ധപ്പെട്ടവരോട് അന്വേഷിക്കുമ്പോൾ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് രാഹുലും രഞ്ജിത്തും പറയുന്നു.
വീടു നിർമിച്ചു നൽകാമെന്ന വാഗ്ദാനവുമായി വ്യവസായി ബോബി ചെമ്മണ്ണൂർ സമീപിച്ചെങ്കിലും സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിൽ കുട്ടികൾ അന്നതു നിരസിച്ചു. തന്മൂലം വൈദ്യുതി കടന്നു ചെല്ലാത്ത വീട്ടിലാണ് ഇപ്പോഴും ഇരുവരും താമസിക്കുന്നത്.
ഭൂമിയുടെ അവകാശികളെ സംബന്ധിച്ച റിപ്പോർട്ട് കലക്ടർ നവ്ജ്യോത് ഖോസ, സർക്കാരിനു സമർപ്പിച്ചെങ്കിലും ആ ഫയലുകളും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
ചേട്ടൻ രാഹുലിനു ജോലി ലഭിച്ചതിൽ രഞ്ജിത്തും സന്തോഷവാനാണ്. അന്നു മുടങ്ങിയ പ്ലസ്ടു പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ് രഞ്ജിത്ത്. ഇടവേളകളിൽ ഡ്രൈവിങ് പഠനവും നടക്കുന്നുണ്ട്. പി.എസ്.സി പരീക്ഷ എഴുതാനുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ട്.
അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ഭൂമിയിൽ ഒരു വീട് എന്നതു പോലെ തന്നെ ഒരു സർക്കാർ ജോലിയും രഞ്ജിത്തിന്റെ സ്വപ്നമാണ്.