കരിവെള്ളൂർ: മകന്‍ മതം മാറി വിവാഹം ചെയ്തതിനെ തുടര്‍ന്ന് പൂരക്കളി കലാകാരനായ പിതാവിനെ അനുഷ്ഠാന കലയില്‍ നിന്നും വിലക്കി. കരിവള്ളൂര്‍ ക്ഷേത്രസമിതിയാണ് വിനോദ് പണിക്കര്‍ എന്ന പൂരക്കളി കലാകാരന് നിരോധനം ഏര്‍പ്പെടുത്തിയത്.
ഇതര മതത്തില്‍പെട്ട യുവതി വീട്ടില്‍ കഴിയുമ്പോള്‍, പണിക്കർ ക്ഷേത്രത്തില്‍ വരാന്‍ സമ്മതിക്കില്ലെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്. അതേസമയം, ഈ വിഷയത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. കണ്ണൂര്‍ കരിവെള്ളൂരിലെ വാണിയില്ലം സോമേശ്വരി ക്ഷേത്രം, കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് അനുഷ്ഠാന കലയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിനോദ് പണിക്കരെ വിലക്കിയത്. മൂന്നുവര്‍ഷം മുമ്പ് പണിക്കരുടെ മകന്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതരമത വിശ്വാസിയായ പെണ്‍കുട്ടി വീട്ടിലുണ്ടെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ പൂരക്കളിയില്‍ നിന്ന് വിനോദിനെ വിലക്കിയത്.
യുവതിയെ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ മാത്രമേ പൂരക്കളിക്ക് അവസരം ഉണ്ടാവുകയുള്ളൂ എന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനമെന്നും വിനോദ് പണിക്കര്‍ പറഞ്ഞു. കരിവെള്ളൂര്‍ പോലെയുള്ള നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വേരുറപ്പുള്ള മണ്ണില്‍ ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ ഉണ്ടായി എന്നറിയില്ലെന്നും വിനോദ് പണിക്കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ക്ഷേത്രങ്ങളില്‍ ആര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ പ്രതികരണം. ക്ഷേത്രാചാരങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് മാറ്റി നിര്‍ത്തിയത്.
35 വര്‍ഷമായി ഈ രംഗത്ത് സജീവമായ കലാകാരനാണ് വിനോദ് പണിക്കര്‍. ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ജേതാവ് കൂടിയാണ് ഇദ്ദേഹമെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തിലൊരു കലാകാരനെയാണ് വീട്ടില്‍ ഇതര മതവിശ്വാസിയായ യുവതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ഭാരവാഹികള്‍ കലയില്‍ നിന്നും വിലക്കിയിരിക്കുന്നത്.
പൂരക്കളി കലാകാരനെ വിലക്കിയിട്ടില്ലെന്നു വിശദീകരിച്ചു ക്ഷേത്ര സമിതി. വീട്ടില്‍വച്ചു പൂജ ചെയ്യാന്‍ കഴിയില്ലെന്നാണു പറഞ്ഞതെന്ന് ക്ഷേത്രസമിതിയുടെ വിശദീകരണം. ആചാരലംഘനം നടത്താന്‍ കഴിയില്ലെന്നാണ് ആചാരസ്ഥാനീയര്‍, വിനോദിനെ അറിയിച്ചത്.
തീരുമാനം പുനഃപരിശോധിക്കുന്നതില്‍ ചര്‍ച്ചയ്ക്കു തയാറെന്ന് സോമേശ്വരി ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി.
കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ പൂരക്കളി നടത്തുന്നതിൽനിന്നാണു വിലക്കിയത്. മരുമകളെ മാറ്റി താമസിപ്പിക്കുകയോ വിനോദ് താമസം മാറുകയോ ചെയ്യണമെന്നാണ് ക്ഷേത്ര ഭരണ സമിതി നിർദേശിച്ചത്.