
ഇടുക്കി: കേരളത്തിന്റെ ഫിലിം സിറ്റിയായി മാറാൻ വാഗമൺ.വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വാഗമണ്ണില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഇതിനായി രണ്ട് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.വാഗമണ്ണിലും പരിസരപ്രദേശങ്ങളിലുമായുള്ള മൊട്ടക്കുന്നുകളും പൈന്‍മരക്കാടുകളും പാരഗ്ലൈഡിങ് പോയിന്റും ഡയറി ഫാമും എല്ലാം കൂടി ചേര്‍ന്നാല്‍ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയുടെ ഇരട്ടിയിലധികം സ്ഥലം വരും.ഹൈദരാബാദിനേക്കാൾ മികച്ച കാലാവസ്ഥയും പ്രകൃതി ഭംഗിയുമുള്ള വാഗമണ്‍ നേരത്തെ തന്നെ സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ്.

വണ്ടിപ്പെരിയാർ സത്രം എയര്‍സ്ട്രിപ്പിന്റെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ വാഗമണ്ണിനെ കാത്തിരിക്കുന്നത് വൻ വികസനമാണ്.രണ്ട് സംസ്ഥാന പാതകളും ഇതുവഴി കടന്നുപോകുന്നതിനാല്‍ വന്‍തോതില്‍ ടൂറിസം അനുബന്ധ വ്യവസായങ്ങളും പതിനായിരക്കണക്കിന് തൊഴിലും ഇവിടെ സൃഷ്ടിക്കപ്പെടും.അത് മൊത്തത്തിൽ ഇടുക്കിയുടെ കുതിപ്പിന് കരുത്തേകുമെന്നാണ് കരുതുന്നത്.






