KeralaNEWS

ആടുകൾക്ക് പച്ച പ്ലാവില അധികം നൽകരുതെന്ന് പറയുന്നതിന് പിന്നിൽ;ആടുകളിലെ പോളിയോ രോഗം എങ്ങനെ തടയാം

ടുകളെ ബാധിക്കുന്ന അപര്യാപ്തതാരോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് പെം (PEM) എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന പോളിയോ എന്‍സഫലോ മലേഷ്യ (Polioencephalomalacia) രോഗം. ആടുകളിലെ പോളിയോ എന്നും ഈ രോഗം അറിയപ്പെടുന്നു.എന്നാല്‍ മനുഷ്യരെ ബാധിക്കുന്ന സാംക്രമിക പോളിയോ രോഗവുമായി ഒരു സാമ്യവും ഈ രോഗത്തിനില്ല. ആടുവാതം എന്ന പേരിലാണ് കര്‍ഷകര്‍ക്കിടയില്‍ ഈ രോഗം പരിചിതം.ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ തയാമിന്‍ എന്ന ബി.1 വിറ്റാമിന്റെ പെട്ടന്നുണ്ടാവുന്ന അപര്യാപ്തതയാണ് രോഗത്തിനു വഴിയൊരുക്കുന്നത്.

 

ഏത് പ്രായത്തിലുള്ള ആടുകളെയും പോളിയോ രോഗം ബാധിക്കാം. എങ്കിലും നാല് മാസം പ്രായമെത്തിയത് മുതല്‍ മൂന്നു വര്‍ഷം വരെ പ്രായമുള്ള ആടുകളിലാണ് കൂടുതല്‍ രോഗസാധ്യത.തീറ്റയില്‍ പെട്ടെന്ന് വരുത്തുന്ന മാറ്റങ്ങള്‍ കാരണമായും അന്നജപ്രധാനമായ തീറ്റകള്‍ നല്‍കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള ആമാശയത്തിലെ ഉയര്‍ന്ന അമ്ലത്വം / അസിഡോസിസ് കാരണമായും ആടിന്റെ പ്രധാന ആമാശയ അറയായ റൂമനില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ നശിക്കുന്നതാണ് ഈ രോഗത്തിന് പ്രധാനമായും വഴിയൊരുക്കുന്നത്. ആടിനാവശ്യമായ തയാമിന്‍ ജീവകം ഉല്പാദിപ്പിക്കപ്പെടുന്നത് ഈ മിത്രാണുക്കളുടെ പ്രവര്‍ത്തനഫലമായാണ്.ഈ മിത്രാണുക്കള്‍ നശിക്കുന്നതോടെ തയാമിന്‍ ഉത്പാദനം നിലയ്ക്കുകയും തയാമിനെ ആശ്രയിക്കുന്ന ഉപാപചയപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യും.സ്ഥിരമായി അമിതമായ അളവില്‍ പച്ച പ്ലാവില തീറ്റയായി നല്‍കുന്നതും വയല്‍ക്കരയിലും മറ്റും വളരുന്ന പന്നല്‍ച്ചെടികള്‍ ആടിന് നല്‍കുന്നതും രോഗത്തിന് ഇടയാക്കും. തീറ്റയിലെ പൂപ്പല്‍ വിഷബാധയും തയാമിന്‍ ജീവകം ഉത്പാദിപ്പിക്കുന്ന മിത്രാണുക്കളെ നശിപ്പിക്കും.
നല്ല ആരോഗ്യമുള്ള ആടുകളില്‍ പോലും ഞൊടിയിടയിലാണ് പോളിയോ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.പൂര്‍ണ്ണമായോ ഭാഗികമായോ കാഴ്ച മങ്ങല്‍ , കണ്ണിലെ കൃഷ്ണമണിയുടെ തുടര്‍ച്ചയായ പിടയല്‍, പല്ലുകള്‍ തുടര്‍ച്ചയായി ഞെരിക്കല്‍, തല നേരേ പിടിക്കാന്‍ കഴിയാതെ ഇരുവശങ്ങളിലേക്കും വെട്ടിക്കൊണ്ടിരിക്കല്‍, വേച്ച് വേച്ചുള്ള നടത്തം,നടക്കുന്നതിനിടെ നിലതെറ്റി വീഴല്‍, പേശീവിറയല്‍, തറയില്‍ വീണ് കൈകാലുകളിട്ടടിച്ച് പിടയല്‍, കഴുത്ത് വളച്ചു തോളിനോട് ചേര്‍ത്ത് വച്ച് കിടയ്ക്കല്‍ എന്നിവയെല്ലാമാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗതീവ്രത കൂടുന്നതിനനുസരിച്ച് ലക്ഷണങ്ങളിലും പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടാവും.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സകള്‍ക്കുമായി ഉടനടി വിദഗ്ധഡോക്ടറുടെ സേവനം തേടണം.കൃത്യമായ ചികിത്സകള്‍ നല്‍കിയാല്‍ 2-3 മണിക്കൂറിനുള്ളില്‍ ആടുകള്‍ പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കും.തയാമിന്‍ എന്ന ജീവകം സിരകളിലും പേശികളിലും കുത്തിവെച്ച് ജീവക അപര്യാപ്തത പരിഹരിക്കുന്നതാണ് പ്രധാന ചികിത്സ.
ആടുകളുടെ ആമാശയ അറയായ റൂമനില്‍ വെച്ച് ആടുകള്‍ക്കാവശ്യമായ തയാമിന്‍ ജീവകം ഉല്പാദിപ്പിക്കുന്ന മിത്രാണുക്കള്‍ക്ക് നാശം ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും തടയുക എന്നതാണ് രോഗം വരാതിരിക്കാനായി കർഷകർക്ക് ചെയ്യാവുന്നത്. ശാസ്ത്രീയമായ തീറ്റക്രമം പാലിക്കുക എന്നതാണ് ഇതില്‍ പ്രധാനം.ഉയര്‍ന്ന ശതമാനം നാരടങ്ങിയ തീറ്റപ്പുല്ലും വൃക്ഷയിലകളും ഉള്‍പ്പെടെയുള്ള തീറ്റകളാണ് ആടിന് പ്രധാനമായും നല്‍കേണ്ടത്.മുതിര്‍ന്ന ഒരു മലബാറി ആടിന് പച്ചപ്പുല്ലും പച്ചിലകളും അടക്കമുള്ള പരുഷാഹാരങ്ങള്‍ ദിവസം 4 – 5 കിലോഗ്രാം എങ്കിലും ആവശ്യമാണ്.ഇത് റൂമനിലെ മിത്രാണുക്കളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.ധാന്യസമൃദ്ധമായ സാന്ദ്രീകൃതാഹാരങ്ങള്‍ അധിക അളവില്‍ നിത്യവും ആടുകള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം. സ്ഥിരമായി നല്‍കുന്ന തീറ്റയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കണം.അന്നജപ്രധാനമായതും പെട്ടെന്ന് ദഹിക്കുന്നതുമായ കഞ്ഞി, ചോറ് പോലുള്ള ധാന്യസമൃദ്ധമായ തീറ്റകള്‍ അധിക അളവില്‍ ആടിന് നല്‍കരുത്.
പ്ലാവില അധികമായി നിത്യവും ആടുകള്‍ക്ക് നല്‍കുന്നതും പലപ്പോഴും ഈ രോഗത്തിന് കാരണമാവാറുണ്ട്.പ്ലാവിലക്കൊപ്പം പരുഷാഹാരമായി മറ്റ് വൃക്ഷയിലകളും തീറ്റപ്പുല്ലും ഉള്‍പെടുത്താന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം.വിപണിയില്‍ ലഭ്യമായ ഫീഡ് അപ് യീസ്റ്റ്, പി ബയോട്ടിക്‌സ് , എക്കോട്ടാസ് പോലുള്ള മിത്രാണു മിശ്രിതങ്ങള്‍ ആടുകളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് ഈ അപര്യാപ്തതാ രോഗം തടയാന്‍ ഏറെ ഫലപ്രദമാണ്.റൂമെന്‍ വികാസം പൂര്‍ണ്ണമായിട്ടില്ലാത്ത മൂന്ന് മാസം വരെ പ്രായമുള്ള ആട്ടിന്‍ കുട്ടികള്‍ക്ക് തയാമിന്‍ അടങ്ങിയ ഗ്രോവിപ്ലക്സ് , പോളിബയോണ്‍ ,സിങ്കോവിറ്റ് തുടങ്ങിയ ജീവക മിശ്രിതങ്ങള്‍ നല്‍കുന്നതും ഫലപ്രദമാണ്.ഇത്തരത്തിൽ ഒരു മൃഗ ഡോക്ടറുടെ ഉപദേശപ്രകാരം ചെയ്യുന്നതായിരിക്കും അത്യുത്തമം.

Back to top button
error: