NEWS

സ്വപ്‌നയ്ക്ക് കഴിവ് പോരാ, പുറത്താക്കാന്‍ നേരത്തെ തീരുമാനിച്ചു: സ്‌പെയിസ് പാര്‍ക്കിന്റെ മിനിറ്റ്‌സ് പുറത്ത്‌

https://www.youtube.com/watch?v=HUfDbFvs5gA

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സ്‌പെയിസ് പാര്‍ക്കില്‍ നിന്ന് ലക്ഷ്മിയെ പുറത്താക്കാന്‍ തീരുമാനിച്ചതായ മിനിറ്റ്‌സ് പുറത്ത്.

Signature-ad

സ്വപ്ന സുരേഷിന്റെ കണ്‍സല്‍റ്റന്‍സി സേവനം അവര്‍ക്കു കഴിവു പോരെന്ന കാരണത്താല്‍ അവസാനിപ്പിക്കണമെന്നു മേയില്‍ നടന്ന സ്‌പേസ് പാര്‍ക്ക് അവലോകന യോഗം ആലോചിച്ചെങ്കിലും നടപ്പായില്ലെന്നു വ്യക്തമാക്കുന്ന മിനിറ്റ്‌സാണ് പുറത്തായിരിക്കുന്നത്. ഐടി സെക്രട്ടറി എം.ശിവശങ്കറും ഉള്‍പ്പെട്ട യോഗത്തില്‍ സ്വപ്നയുടെ ചുമതല, കഴിവ്, സന്നദ്ധത തുടങ്ങിയ കാര്യങ്ങളില്‍ പുനഃപരിശോധന വേണമെന്നും അവര്‍ ഉള്‍പ്പെടുന്ന പിഡബ്ല്യുസി പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അവസാനിപ്പിക്കണമെന്നും നിര്‍ദേശം വന്നു.

തീരുമാനം നടപ്പായില്ലെന്നു മാത്രമല്ല, കണ്‍സല്‍റ്റന്‍സി നീളുകയും ചെയ്തു. ഒടുവില്‍ ജൂലൈയില്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണു സ്വപ്നയെ ഐടി വകുപ്പ് കൈവിട്ടത്. കോവിഡ് അനിശ്ചിതത്വവും സ്‌പേസ് പാര്‍ക്കിനു പുതിയ സ്‌പെഷല്‍ ഓഫിസര്‍ വരാനിരിക്കുന്നതുമാണ് നടപടി വൈകാന്‍ കാരണമെന്നാണ് ഇവരുടെ വിശദീകരണം.

ശിവശങ്കറിന്റെ ശുപാര്‍ശയില്‍ നിയമിതയായ സ്വപ്നയെ സംബന്ധിച്ച് 7 മാസം കഴിഞ്ഞപ്പോഴേക്കും വിലയിരുത്തല്‍ മാറിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. കൂടുതല്‍ എന്‍ജിനീയറിങ്, സ്‌പേസ് ടെക് കഴിവുള്ളയാളെയാണ് ആവശ്യമുണ്ടായിരുന്നതെന്നാണു ചീഫ് സെക്രട്ടറിതല സമിതിയെ സ്‌പേസ് പാര്‍ക്ക് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ സ്വപ്നയെ തിരഞ്ഞെടുത്തപ്പോള്‍ ഇത് അറിഞ്ഞില്ലേയെന്ന ചോദ്യം ബാക്കിയാവുന്നു. 6 മാസത്തെ നിയമന കരാറായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറി തല സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ രേഖകള്‍ പ്രകാരം ഒരു വര്‍ഷമാണ്.

കെപിഎംജി മറുപടി നല്‍കിയില്ല കണ്‍സല്‍റ്റന്റിനെ ആവശ്യപ്പെട്ടു സ്‌പേസ് പാര്‍ക്ക് ആദ്യം സമീപിച്ചതു കെപിഎംജിയെ ആയിരുന്നെങ്കിലും അവര്‍ മറുപടി കൊടുത്തില്ലെന്നു വിവരാവകാശ രേഖ. സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കു സേവനം നല്‍കിയിരുന്നതു കെപിഎംജിയായിരുന്നു. എന്നിട്ടും കണ്‍സല്‍റ്റന്റിനെ ആവശ്യപ്പെട്ടു നല്‍കിയ 2 ഇമെയിലുകളോടും അവര്‍ പ്രതികരിക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ല. കെപിഎംജി മറുപടി നല്‍കാന്‍ വൈകിയതു കൊണ്ടാണു പിഡബ്ല്യുസിയെ സമീപിച്ചതെന്നാണു ചീഫ് സെക്രട്ടറി തല സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്

ആരാണ് സ്വപ്ന സുരേഷിന്റെ നിയമനത്തിന് പിന്നിലെന്നതിലെ അവ്യക്തത ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. സ്വപ്ന സുരേഷിന്റെ സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്ന വാര്‍ത്ത നേരത്തേ തന്നെ പുറത്തുവന്നിരുന്നതാണ്.

സ്‌പേസ് പാര്‍ക്കില്‍ ജോലി നേടാനായി ബെംഗളുരു ആസ്ഥാനമായ വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന് സ്വപ്ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റാണ് വ്യാജമെന്ന സംശയം ഉയരുന്നത്. എയര്‍ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്യുമ്പോള്‍ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവും, ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലെ ഡിപ്ലോമയും മാത്രം. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി നേടാന്‍ സമര്‍പ്പിച്ച വിദ്യാഭ്യാസ രേഖകള്‍ എന്തെന്ന കാര്യം ഇപ്പോഴും അവ്യക്തവുമാണ്. പക്ഷേ അവിടെ നിന്നും സ്‌പേസ് പാര്‍ക്കില്‍ ജോലിക്കെത്തിയപ്പോള്‍ ബികോം ബിരുദധാരിയെന്ന സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന സമര്‍പ്പിച്ചത്.

മുംബൈ ആസ്ഥാനമായുളള ഡോക്ടര്‍ ബാബാ സാഹേബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന നല്‍കിയത്. എന്നാല്‍ ഇവിടെ ബികോം കോഴ്‌സ് തന്നെ ഇല്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന മറുപടി. ഇതോടെയാണ് ജോലി നേടാന്‍ സ്വപ്ന സമര്‍പ്പിച്ച രേഖകള്‍ സംശയനിഴലിലാകുന്നത്. ഈ സര്‍ട്ടിഫിക്കറ്റുകളെല്ലാം ആരാണ്, എങ്ങനെയാണ് പരിശോധിച്ചതെന്നും, എന്തടിസ്ഥാനത്തിലാണ് അഭിമുഖത്തില്‍ പങ്കെടുത്ത് ഒന്നരലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്ന പദവിയില്‍ സ്വപ്ന എത്തിയതെന്നും കൃത്യമായ ഉത്തരം സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുമില്ല.

Back to top button
error: