മദര്‍ തെരേസ
നിസ്വാര്‍ത്ഥ സേവനത്തിലൂടെ അഗതികളുടെ അമ്മയായ മദര്‍ തെരേസയ്ക്ക്, പ്രസ്തുത സേവന പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരവും 1980 ല്‍ ഭാരത്‌രത്ന അവാര്‍ഡും ലഭിച്ചു. മാസിഡോണിയയില്‍ ജനിച്ച മദര്‍ തെരേസ 1928 ലാണ് അധ്യാപികയായി ഇന്ത്യയിലെത്തിയത്.എന്നാൽ അന്നത്തെ ഇന്ത്യയിലെ കാഴ്ചകൾ കണ്ട മദർ അധ്യാപകവൃത്തി ഉപേക്ഷിച്ച് പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയായിരുന്നു. സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച മദര്‍ തനിക്ക് സമ്മാനമായി ലഭിച്ച 1,92,000 അമേരിക്കന്‍ ഡോളര്‍ മുഴുവനും ഇന്ത്യയിലെ അവശര്‍ക്കായി ചെലവഴിച്ചു.
അരുണ ആസഫ് അലി
1942 ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ മുംബൈയിലെ ഗൊവാലിയ മൈതാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തി പ്രശസ്തയായ വനിതയാണ് അരുണ ആസഫ് അലി.1930 ല്‍ ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്ത ഇവർ1932 ല്‍ തിഹാര്‍ ജയിലില്‍ തടവിലാക്കപ്പെട്ടു.
1954 ല്‍ സിപിഐയുടെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) വനിതാ വിഭാഗമായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.1964ല്‍ ലെനിന്‍ പുരസ്‌കാരവും 1992-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു.1997 ല്‍ ഭാരതം അവര്‍ക്ക് മരണാനന്തര ബഹുമതിയായി ഭാരത രത്നം സമ്മാനിച്ചു.
എം.എസ് സുബ്ബലക്ഷ്മി
കര്‍ണാടക സംഗീത ലോകത്തെ മുന്‍നിരക്കാരിയാണ് എം.എസ് സുബ്ബലക്ഷ്മി.നിരന്തരമായ സാധന കൊണ്ടാണ് സുബ്ബലക്ഷ്മി, കര്‍ണ്ണാടക സംഗീതത്തിന്റെ ഉയരങ്ങള്‍ താണ്ടിയത്. 1998 ല്‍ ഭാരതരത്ന ലഭിച്ചപ്പോള്‍, ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ സംഗീതജ്ഞയായി അവര്‍ മാറി. തമിഴ്നാട്ടിലെ സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച എം.എസ് സുബ്ബലക്ഷ്മി, 17ാം വയസ്സില്‍ത്തന്നെ പ്രശസ്തിയാര്‍ജ്ജിച്ചു. ‘ശ്രീവെങ്കടേശ സുപ്രഭാതത്തി’ലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീതസാന്ദ്രമാക്കിയ സുബ്ബലക്ഷ്മി 2004 ലാണ് അന്തരിച്ചത്.
ലതാ മങ്കേഷ്‌കര്‍
മുപ്പതിലധികം ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ ആലപിച്ച റെക്കോഡിനുടമയാണ് ലതാ മങ്കേഷ്‌കര്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പിന്നണി ഗായികയായ അവര്‍ക്ക് 2001 ല്‍ ഭാരതരത്ന അവാര്‍ഡ് ലഭിച്ചു.ഈ വർഷം ഫെബ്രുവരി ആറിനായിരുന്നു അവരുടെ മരണം.