KeralaNEWS

ഹൃദയാരോഗ്യത്തിന് ചെറുപ്പത്തിലേ ഇത് ശീലമാക്കാം

നാൽപതു വയസ്സു കഴിഞ്ഞാൽ പെട്ടെന്നൊരു ദിവസം വ്യായാമങ്ങൾ തുടങ്ങുക എന്നതാണ് നമ്മുടെയൊരു ശീലം.അതായത് ജോലിയൊക്കെയായി അൽപ്പസ്വൽപ്പം ചില്ലറ കയ്യിൽ വന്നു കഴിയുമ്പോൾ നമുക്ക് അതുവരെയില്ലാതിരുന്ന ആരോഗ്യത്തെപ്പറ്റി ചിന്തവരും.അതോടെ തൊട്ടടുത്തുള്ള ജിമ്മിലേക്ക് ഇല്ലാത്ത കാശും മുടക്കി കസർത്തിനായി ഇറങ്ങിത്തിരിക്കുകയായി.അവിടേക്ക് പത്തുമിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളുവെങ്കിലും നമ്മൾ വാഹനത്തിലെ പോകുകയുമുള്ളൂ.
വീട്ടിലും പറമ്പിലുമൊക്കെയുള്ള ചെറുജോലികളെങ്കിലും സ്വയം ചെയ്യുകയും വീട്ടുജോലികളിലും മറ്റും കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിച്ച്, മെയ്യനങ്ങുന്ന ശീലം ചെറുപ്പത്തിലേ ഉണ്ടാക്കിയെടുക്കുക എന്നതുമാണ് നമ്മൾ ചെയ്യേണ്ടത്.അതേപോലെ ഓഫീസുകളിലും മറ്റും കോണിപ്പടി കയറിപ്പോകുകയെന്നത് ശീലമാക്കുക. ലിഫ്റ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.ഇറങ്ങാൻ ലിഫ്റ്റ് വേണ്ട.
ഒരു കിലോമീറ്ററും മറ്റുമുള്ള ചെറിയ ദൂരങ്ങൾക്ക് ബസ്, ഓട്ടോ തുടങ്ങിയ വാഹനങ്ങളെ ആശ്രയിക്കാതിരിക്കുക.ഒന്നോ രണ്ടോ കിലോമീറ്റർ മാത്രമേയുള്ളൂവെങ്കിൽ, കുട്ടികൾ, സ്കൂളിലേക്ക് നടന്നുപോവുക ശീലമാക്കണം.ചെറുപ്പത്തിലെ ഈ നടത്തം ജീവിതാന്ത്യം വരെ ആരോഗ്യത്തിന് മുതൽക്കൂട്ടാണ്.
വീട്ടിലും ജോലിസ്ഥലത്തും വലിയ ജോലികളില്ലാത്തവർ വ്യായാമത്തിനായി രാവിലെ, നിത്യം, അരമണിക്കൂറെങ്കിലും നടക്കണം.മറ്റു പ്രശ്നങ്ങളില്ലാത്തവർ, നിത്യവും അൽപദൂരം ഓടുന്നതും നീന്തുന്നതും നല്ലതാണ്.അടുത്ത് കുളമോ പുഴയോ ഉള്ളവർ നീന്തിക്കുളിക്കുന്നതാണ് ഉത്തമം.കുട്ടികൾ ദിവസവും കുറച്ചുനേരമെങ്കിലും ഓടിച്ചാടിക്കളിക്കണം.
പതിവുയാത്രകളിൽ എപ്പോഴും ഒരു സ്റ്റോപ്പ് മുൻപേ ബസ്സിറങ്ങി നടക്കുക. തിരിച്ചുപോകുമ്പോൾ ഏറ്റവുമടുത്ത സ്റ്റോപ്പ് ഒഴിവാക്കി തൊട്ടടുത്ത സ്റ്റോപ്പിലേക്ക് നടന്ന് ബസ്സ് കയറുക. ചുറ്റുപാടുമായുള്ള ആരോഗ്യകരമായ ബന്ധത്തിനും ഇതുപകരിക്കും.ബൈക്കും കാറുമൊക്കെയുപയോഗിക്കുന്നവർ ചെറിയ ദൂരങ്ങൾക്കും മറ്റും വാഹനമുപയോഗിക്കാതിരിക്കുക. ആരോഗ്യം നേടാം, പണവും ലാഭം.അല്ലെങ്കിൽ ചെറുചെറുയാത്രകൾക്ക് സൈക്കിൾ ഉപയോഗിക്കാം.ഇത് നല്ലൊരു വ്യായാമമാണ്.
അടുക്കളത്തോട്ടവും പൂന്തോട്ടവും സ്വയം നിർമിക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്നത് നല്ലതാണ്.അത്താഴത്തിനു ശേഷം കുടുംബാംഗങ്ങളോടൊപ്പം ചെറിയൊരു നടത്തം പതിവാക്കുക.വീട്ടുമുറ്റത്തോ തൊടിയിലോ മതിയാകും ഇത്.
നാൽപതു വയസ്സു കഴിഞ്ഞാൽ പെട്ടെന്നൊരു ദിവസം വലിയ വ്യായാമങ്ങൾ തുടങ്ങുന്നത് നന്നല്ല.ഡോക്ടറുടെ ഉപദേശത്തോടെ മാത്രമേ ഇത് ചെയ്യാവൂ..

Back to top button
error: