NEWS

കവിയൂര്‍ പീഡനക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് സിബിഐ കോടതി; മുഖ്യപ്രതി ലതാനായര്‍ ഹാജരാകാന്‍ അന്ത്യശാസനം

വിയൂര്‍ പീഡനക്കേസില്‍ വീണ്ടും വഴിത്തിരിവ്. തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. മാത്രമല്ല മുഖ്യപ്രതി ലതാ നായര്‍ ഒക്ടോബര്‍ 20ന് ഹാജരാകാനും കോടതി പറഞ്ഞു.

Signature-ad

പെണ്‍കുട്ടിയെ പീഡിപ്പിച്ചതാരാണെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് 2020 ജനുവരി 1ന് സിബിഐ കോടതി ഉത്തരവിട്ടിരുന്നെങ്കിലും തുടര്‍ന്ന് 5 പ്രാവശ്യം കേസ് തുറന്ന കോടതിയില്‍ പരിഹണിച്ചപ്പോഴും റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല മുഖ്യപ്രതി ലതാനായരും ഹാജരായില്ല ഇത്തരത്തില്‍ സിബിഐയുടേയും പ്രതിയുടേയും നിരുത്തരവാദപരമായ രീതിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്നാണ് വീണ്ടും ആഴത്തിലുളള തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തെളിവുകള്‍ ശേഖരിച്ച് പ്രതികൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്താല്‍ മാത്രമേ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയില്‍ ജനങ്ങള്‍ക്കുളള വിശ്വാസ്യത നിലനിര്‍ത്താനാകുവെന്നും അല്ലാത്തപക്ഷം പ്രഹസനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല നാലംഗ നമ്പൂതിരി കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന അപൂര്‍ണമായ സിബിഐ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഏക പ്രതിയായി പറയുന്ന ലതാനായരെ മാത്രം വെച്ച് കോടതി കേസ് വിചാരണ ആരംഭിക്കുന്നത് മരണപ്പെട്ട നമ്പൂതിരി കുടംബത്തോടും അവരുടെ ബന്ധുക്കളോടുമുളള അനീതിയാകുമെന്നും കോടതി വ്യക്തമാക്കി.

കിളിരൂര്‍ പീഡനക്കേസിലെ ഇരയായ മൈനര്‍ പെണ്‍കുട്ടിടേയും കവിയൂര്‍ പീഡനക്കേസിലെ ഇരയായ മൈനര്‍ പെണ്‍കുട്ടിയുടേയും കൂട്ടുകാരിയായ ശ്രീകുമാരി ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അയച്ച കത്തിനെക്കുറിച്ചും അതില്‍ പേരുവിവരങ്ങള്‍ പറയുന്ന വ്യക്തിയെക്കുറിച്ച് അന്വേഷിക്കാത്തതെന്തെന്നും കോടതി ചോദിച്ചു. 2014ല്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായ ശ്രീലേഖയെ ചോദ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.

വിഷം പാല്‍ക്കഞ്ഞിയില്‍ കലര്‍ത്തി ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന സംഭവത്തില്‍ പാല്‍ക്കഞ്ഞി പാത്രം, വിഷക്കുപ്പി എന്നിവയിലെ വിരലടയാളം എടുത്ത് പരിശോധിക്കാത്തതില്‍ ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ഉന്നയിച്ചിരുന്നു.

കേസിലെ പല തെളിവായ കാര്യങ്ങള്‍ പോലും വ്യക്തമായി സിബിഐ പരിശോധിച്ചിട്ടില്ല. നമ്പൂതിരി കുടംബം പാല്‍ക്കഞ്ഞിയില്‍ ഒഴിച്ച വിഷം അതീവ ഗുരുതരമാണ്. ചെറിയൊരു അംശം കഴിച്ചാല്‍ ബോധം നഷ്ടപ്പെടുമെന്ന് പഠനത്തില്‍ നിന്ന് വ്യക്തമാക്കുന്നു.
പിന്നെ എങ്ങനെ ഈ വിഷം സ്വയമേ കുടിച്ചാല്‍ രൃഹനാഥന് ഫാനില്‍ തൂങ്ങാനും രണ്ട് കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലാനും സാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം തളളാനാവില്ലെന്നും കോടതി പറഞ്ഞു. കൂടാതെ അനഘയും പിതാവും വെവ്വേറെ എഴുതിയ കത്തും കേസിില്‍ ദുരൂഹതയേറുന്നതിന് കാരണമാകുന്നു.

മാത്രമല്ല കേസില്‍ മന്ത്രിപുത്രന്മാരടക്കമുളളവരുടെ പങ്ക് അന്വേഷിക്കാനും കോടതി ഉത്തരവിട്ടു.

2004 സെപ്തംബര്‍ 28 ന് ആയിരുന്നു കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയേയും കുടുംബത്തേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മൂന്ന് കുട്ടികളും വിഷം കഴിച്ച് മരിച്ച നിലയിലും നാരായണന്‍ നമ്പൂതിരി തൂങ്ങി മരിച്ച നിലയിലും ആണ് കാണപ്പെട്ടത്.

കിളിരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശി ലതാ നായരുമായി ഈ കുടുംബത്തിന് ബന്ധമുണ്ടെന്നു വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. കോട്ടയം വെസ്റ്റ് പൊലീസ് നാരായണന്‍ നമ്പൂതിരിയെ ചോദ്യം ചെയ്തിരുന്നു.ലതാ നായരാണു മരണത്തിന് ഉത്തരവാദി എന്ന് ആത്മഹത്യാ കുറിപ്പിലെഴുതിയിരുന്നു. നാട്ടുകാരായ ചിലര്‍ അസഭ്യം പറഞ്ഞതില്‍ പ്രയാസം ഉണ്ടെന്നും അതും കാരണമാണെന്നും കുറിപ്പിലുണ്ടായിരുന്നു. ലതയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും വ്യക്തമായിരുന്നു.

നാരായണന്‍ നമ്പൂതിരി ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ശോഭന, അഖില, അക്ഷയ് എന്നിവരുടെ മൃതദേഹങ്ങള്‍ അതേ മുറിയിലെ കട്ടിലിലും അനഘയുടെ മൃതദേഹം അടുത്ത മുറിയിലെ കട്ടിലിലുമാണു കിടന്നിരുന്നത്. മുറികളിലെ ലൈറ്റ് അണച്ചിരുന്നില്ല. ഐസ്‌ക്രീമിലാണ് മക്കള്‍ക്കു വിഷം നല്‍കിയത്. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം നാരായണന്‍ നമ്പൂതിരി തൂങ്ങിമരിച്ചതാകാമെന്നായിരുന്നു പൊലീസ് നിഗമനം. ചുമത്ര ക്ഷേത്രം തുറക്കാത്തതിനെ തുടര്‍ന്നു നമ്പൂതിരിയുടെ വീട്ടില്‍ കഴകക്കാരന്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ദുരന്തം അറിഞ്ഞത്. പത്തു വര്‍ഷത്തിലേറെയായി കവിയൂരിലായിരുന്നു ഇവരുടെ താമസം. അനഘ എന്ന പേരില്‍ നാരായണന്‍ നമ്പൂതിരി വീട്ടില്‍ ജ്യോതിഷ കാര്യാലയം നടത്തിയിരുന്നു. ഇവിടത്തെ സന്ദര്‍ശകയായിരുന്നു ലതാ നായര്‍.

Back to top button
error: