ഷാഫിയുടെ ഷോ ഓഫ് അല്ല; പോലീസ് ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള് പുറത്ത്; സിപിഎം വാദം പൊളിഞ്ഞു; ബാറ്റണ് ഉപയോഗിച്ച് നേരിട്ട് അടിക്കുന്നത് വ്യക്തം

പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.ക്ക് തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ, എം.പി.ക്ക് പരുക്കേറ്റത് പൊലീസ് അതിക്രമത്തിലല്ലെന്ന സി.പി.എം.-പൊലീസ് വാദങ്ങൾ പൂർണ്ണമായും പൊളിഞ്ഞു.
പേരാമ്പ്ര ടൗണിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഷാഫി പറമ്പിലും പ്രതിഷേധിക്കുമ്പോൾ പൊലീസുകാർ നിലയുറപ്പിച്ചിരുന്നു. പൊലീസ് ബാറ്റൺ ഉപയോഗിച്ച് നേരിട്ട് തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരുക്കേൽക്കുകയും മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്തത്.
നേരത്തെ, സി.പി.എം. നേതാക്കളും റൂറൽ എസ്.പി.യടക്കമുള്ള പൊലീസുദ്യോഗസ്ഥരും, ഷാഫി പറമ്പിലിന് പരുക്കേറ്റത് ‘ഷോ’ ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു. എന്നാൽ, ലാത്തിച്ചാർജിലാണ് പരുക്കേറ്റതെന്ന കോൺഗ്രസ് വാദത്തിന് ഈ ദൃശ്യങ്ങൾ തെളിവായി.
ഇന്നലെ വൈകിട്ട് ഓടെയാണ് യു.ഡി.എഫ്. പ്രകടനം പേരാമ്പ്ര ടൗണിലേക്ക് എത്തിയത്. ഇതിനുമുമ്പ് എൽ.ഡി.എഫ്. പ്രകടനവും ഇവിടെ നടന്നിരുന്നു. ടൗണിൽ പ്രതിഷേധവുമായി തടിച്ചുകൂടിയ യു.ഡി.എഫ്. പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘവുമായി പൊലീസിന് ഏറ്റുമുട്ടലുണ്ടായത്. പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിക്കുന്നതിനിടെയാണ് എം.പി.ക്ക് നേരെ ആക്രമണം ഉണ്ടായത്.
ഗുരുതരമായി പരുക്കേറ്റ ഷാഫി പറമ്പിൽ എം.പി. ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിന്നാലെയാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതിനിടെ ഷാഫി പറമ്പിൽ എം.പി.ക്കും കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് പ്രവീൺ കുമാറിനുമെതിരെ കേസെടുത്തു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസിനെതിരെ കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്യായമായി സംഘം ചേരൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന 692 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സംഘർഷത്തിന്റെ ഭാഗമായി 492 എൽ.ഡി.എഫ്. പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.






