ഷാഫി മൂക്കുമായി പോകേണ്ടത് ഫോറന്‍സിക്കിലേക്ക്; അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ? പരിഹാസവുമായി വസീഫ്

പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിന്റെ മർദനത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയ പൂർത്തിയായി. ഷാഫിയുടെ മൂക്കിന്റെ എല്ലിനു രണ്ടു പൊട്ടലുണ്ട്. ഇതിനിടെ ഷാഫിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടതെന്നാണ് പരിഹാസം. സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക റീൽസ് ഇത് വരെ ഇറങ്ങിയിട്ടുമില്ലെന്നും വസീഫ് പറയുന്നു. മൂക്കില്‍ മഷിയൊഴിച്ചാണ് ഷാഫി വന്നതെന്നാണ് ഇടത് സൈബറിടത്തെ പരിഹാസം.
വസീഫിന്‍റെ കുറിപ്പ്
അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ…
സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക റീൽസ് ഇത് വരെ ഇറങ്ങിയിട്ടുമില്ല. മൂക്കുമായി ആശുപത്രിയിലേക്കല്ല, തോർത്തുമായി ഫോറെൻസിക്കിലേക്കാണ് പോകേണ്ടത്.
അതേസമയം പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൂക്കിന്റെ പൊട്ടൽ കണ്ടെത്തിയത്. പിന്നാലെയാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഷാഫിയുടെ സർജറി വിജയകരം, ഐ.സി.യുവിലേക്ക് മാറ്റിയെന്ന് കെഎം അഭിജിത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു.
അതേ സമയം പൊലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ലെന്ന് ഓർമ്മ വേണമെന്ന് ടി സിദ്ദിഖ് എംഎൽഎ മുന്നറിയിപ്പ് നൽകി. പൊലീസ് ഷാഫിയെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. പൊലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ല എന്ന് പോലീസിനെയും അവരെ പറഞ്ഞ് വിട്ടവരേയും മറക്കില്ല എന്ന് പറഞ്ഞാൽ മറക്കില്ലെന്ന് ഓർമിപ്പിക്കുന്നുവെന്ന് ടി സിദ്ദിഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഷാഫി പറമ്പിൽ എം.പിയെ ആക്രമിച്ചത് സി.പി.എം ക്രിമിനലുകളും സി.പി.എമ്മിന് വേണ്ടി ഗുണ്ടാ പണി ചെയ്യുന്ന പൊലീസും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിരവധി യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്വർണ്ണക്കവർച്ചയും സ്വർണ്ണക്കടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സർക്കാരിന്‍റെ അവസാനമാണ് ഇതെന്ന് മറക്കരുതെന്ന് പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.






