‘അവര്‍ വിളിച്ചു; ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് രക്ഷിച്ചതില്‍ സന്തോഷം’: നോബല്‍ സമ്മാന വിഷയത്തില്‍ പ്രതികരണവുമായി ട്രംപ്; സമ്മാനം ലഭിച്ചയാളെ താന്‍ പലട്ടവം സഹായിച്ചിട്ടുണ്ടെന്നും അവകാശ വാദം

വാഷിങ്ടൻ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമ്മാനം ലഭിച്ച വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് (58) താൻ പല അവസരങ്ങളിലും സഹായം നൽകിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. വെനസ്വേലൻ പ്രതിപക്ഷ നേതാവ് വിളിച്ചെന്നും തന്റെ ‘ബഹുമാനാർഥം’ സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
സമാധാനത്തെക്കാൾ രാഷ്ട്രീയത്തിനു പ്രാധാന്യം നൽകിയുള്ളതാണ് നൊബേൽ പുരസ്കാരമെന്നു വൈറ്റ്ഹൗസ് വിമർശിച്ചിരുന്നു. ‘ജനാധിപത്യത്തിന്റെ ദീപം അണയാതെ കാക്കുന്ന ഒരു വനിതയ്ക്ക്’ എന്ന വിശേഷണത്തോടെയാണ് നൊബേൽ സമിതി മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. വെനസ്വേലയിൽ സ്വതന്ത്ര തിരഞ്ഞെടുപ്പിനായുൾപ്പെടെ 2 പതിറ്റാണ്ടായി പോരാടുന്ന മരിയ ‘സുമാറ്റെ’ സംഘടനയുടെ സ്ഥാപകയാണ്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതു ഭരണകൂടം തടഞ്ഞു. ഭീഷണി മൂലം ഇപ്പോൾ ഒളിവിലാണ്.
സമൂഹം ഒന്നിച്ചുള്ള മുന്നേറ്റമാണ് വെനസ്വേലയിലേതെന്നും തനിക്കു മാത്രമായി പുരസ്കാരം അനുചിതമാണെന്നും മരിയ പ്രതികരിച്ചു. വെനസ്വേല ജനതയ്ക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പുരസ്കാരം സമർപ്പിക്കുന്നതായി മരിയ കൊരീന മച്ചാഡോ പറഞ്ഞു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വർഗശത്രുവായി കരുതുന്ന രാജ്യമാണ് യുഎസ്. യുഎസിലേക്ക് ലഹരിമരുന്നെത്തിക്കുന്ന വെനസ്വേലയിലെ ക്രിമിനൽ കാർട്ടലുകൾക്കു മഡുറോ ഒത്താശ ചെയ്തുകൊടുക്കുന്നെന്നാണ് ട്രംപിന്റെ ആരോപണം.
trump-nobel-peace-prize-reaction






