കോഴിക്കോട് വീണ്ടും ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; തുടര്‍ ആക്രമണങ്ങള്‍ക്കു സാധ്യതയെന്ന് രഹസ്യറിപ്പോര്‍ട്ട്
കോഴിക്കോട്: നഗരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും; രാത്രി നഗരത്തെ നടുക്കിയ ഗുണ്ടാ ആക്രമണത്തിനു പകരംവീട്ടാന്‍ തുടര്‍ ആക്രമണങ്ങള്‍ക്കു സാധ്യതയെന്ന് രഹസ്യറിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണമാണെന്നാണ് ആദ്യനിഗമനം.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വെള്ളയില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോയാ റോഡ് പള്ളിക്കു സമീപത്തുവച്ച് പള്ളിക്കണ്ടി അര്‍ഷാദെന്ന പൂത്തിരി അര്‍ഷാദിനു വെട്ടേറ്റത്. മൂന്നു ബൈക്കിലായെത്തിയ ആറംഗ സംഘമാണ് വെട്ടിയതെന്നാണ് പൂത്തിരി അര്‍ഷാദ് പോലീസിനു നല്‍കിയ മൊഴി. ബൈക്കിലെത്തിയവരില്‍ ഒരാള്‍ മൂന്നു തവണ തലയ്ക്കു നോക്കി വീശിയെങ്കിലും ഒഴിഞ്ഞുമാറിയതോടെ കാലിനുമാത്രം പരുക്കേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പ്രതികളുടേതെന്നു സംശയിക്കുന്ന ഫോണും കണ്ടെടുത്തു. ഇത് ഫൊറന്‍സിക് പരിശോധന നടത്തിയാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇരുള്‍മൂടിയ പ്രദേശത്ത് സിസിടിവി ക്യാമറകളില്ലാത്ത സ്ഥലം കണ്ടെത്തിയാണ് ആക്രമണം നടത്തിയതെന്നതിനാല്‍ കൃത്യമായ പദ്ധതി തയാറാക്കി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് നിഗമനം. ബേപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അരക്കിണര്‍ പരിധിയില്‍ വിവിധ ലഹരികേസുകളില്‍ സംശയിക്കപ്പെടുന്ന അമ്പാടി ബാബുവെന്ന റസല്‍ ബാബുവിന്റെ സംഘത്തിനു സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സ്വര്‍ണക്കടത്തിനു സംരക്ഷണം നല്‍കല്‍, സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍, പൊട്ടിച്ച സ്വര്‍ണത്തിനു സംരക്ഷണം നല്‍കല്‍ തുടങ്ങിയ വിവിധ സംഭവങ്ങളില്‍ ഈ സംഘം പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംഘമാണ് ഇത്.
ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം നടന്നതായി പൊലീസ് പറഞ്ഞു. അതേസമയം പൂത്തിരി അര്‍ഷാദിന്റെ സംഘത്തിന് ലഹരി ഇടപാടുകളുമായി ബന്ധമില്ലെന്നതാണ് പൊലീസിനെ സംശയത്തിലാക്കുന്നത്. അര്‍ഷാദിന്റെ സമീപകാലത്തെ പണമിടപാടുകള്‍ ചുറ്റിപ്പറ്റി അന്വേഷണത്തിനും പൊലീസ് തയാറെടുക്കുന്നുണ്ട്.
അനാവശ്യമായി സമൂഹത്തില്‍ ഭീതി സൃഷ്ടിക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്. രണ്ടാഴ്ച മുന്‍പ് റെയില്‍വേ സ്റ്റേഷനു മുന്നില്‍ മദ്യപരുടെ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു. റൂറല്‍ പരിധിയില്‍ വായ്പാസംഘങ്ങള്‍ സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍ വെടിവയ്പ്പ് നടത്തിയത് ശനിയാഴ്ച രാത്രിയാണ്. അക്രമങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ എത്രകാലം പൊലീസിന് സമദൂര സിദ്ധാന്തവുമായി മുന്നോട്ടുപോവാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.