നേതാക്കളുടെ ബന്ധുക്കൾ സിപിഐഎമ്മിനെ പനിക്കിടക്കയിൽ കിടത്തുമ്പോൾ
https://www.youtube.com/watch?v=eHRAreks8_w
വിവാദ വിഷയങ്ങളിൽ പാർട്ടി നേതാക്കളുടെ മക്കളുടെയും ബന്ധുക്കളുടെയും പേരുകൾ ആവർത്തിക്കപ്പെടുമ്പോൾ പ്രതിരോധ സാധ്യത ഇല്ലാതെ സിപിഎം .പാർട്ടിയെ സംരക്ഷിക്കാൻ ജീവിതം കൊടുക്കുന്ന അണികളും അരയും തലയും മുറുക്കി സൈബറിടങ്ങളിൽ പൊരുതുന്ന സൈബർ സഖാക്കളും എന്ത് ചെയ്യണം എന്നറിയാതെ പതറി നിൽക്കുകയാണ് .
നിലവിൽ ഉയരുന്നത് ആരോപണങ്ങൾ മാത്രമാണെങ്കിലും ആരെങ്കിലും കുടുങ്ങിയാൽ പാർട്ടിക്ക് അത് നൽകുന്ന പ്രഹരം ചെറുതാകില്ല .സ്വർണക്കടത്ത് ,മയക്കു മരുന്ന് വിവാദങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു കഴിഞ്ഞു .ബിനീഷിനെ ഇ ഡി ഇനിയും വിളിപ്പിക്കും എന്നാണ് വിവരം .
ഇതിനു പിന്നാലെയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ മകനെതിരെ ആരോപണം ഉയരുന്നത് .മന്ത്രിസഭയിലെ രണ്ടാമൻ ആണ് ഇ പി .ഇ പിയുടെ മകൻ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു കമ്മീഷൻ കൈപ്പറ്റി എന്ന് ബിജെപി ഇതിനകം ആരോപണം ഉന്നയിച്ചു കഴിഞ്ഞു .മാധ്യമങ്ങൾ ആരോപിക്കുന്ന മന്ത്രി പുത്രൻ ആരെന്നതിൽ
അന്വേഷണം വേണമെന്ന് കോൺഗ്രസും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജെയ്സണും യു എ എഫ് എക്സ് ഡയറക്ടറും തമ്മിലുള്ള ബിസിനസ് പങ്കാളിത്തവും ആരോപണ നിഴലിൽ ആണ്.ആധികാരികത തെളിയിക്കപ്പെട്ടില്ലെങ്കിലും ജെയ്സണും സ്വപ്ന സുരേഷും ഒത്തുള്ള ഫോട്ടോ എന്ന പേരിൽ ഒരു ഫോട്ടോയും പ്രചരിക്കപ്പെടുന്നുണ്ട്. സ്വപ്നയുമായി ജെയ്സണ് ഇടപാടുണ്ടെന്ന് തെളിഞ്ഞാൽ അത് സി പി ഐ എമ്മിനെ ബാധിക്കുക ആഴത്തിൽ ആകും. ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ക്വാറന്റൈൻ ലംഘിച്ച് എന്തിന് ലോക്കർ ഇടപാട് നടത്തിയെന്ന ചോദ്യം മാധ്യമങ്ങൾ ഉന്നയിച്ചു കഴിഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലയിൽ സിപിഐഎം നേതാക്കളുടെ മക്കൾക്ക് വൻ ബിസിനസ് പങ്കാളിത്തമുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ഗൾഫിലും ബംഗളുരുവിലുമായി നിരവധി ബിസിനസ് പങ്കാളിത്തം ഇവർക്കുണ്ട് എന്ന ആരോപണവും ശക്തമാണ്.
നിരവധി ആരോപണങ്ങൾ അതിജീവിച്ച പാർട്ടി ആണ് സിപിഐഎം. അതൊക്കെ തന്നെ പാർട്ടിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ടി പി ചന്ദ്രശേഖരൻ വധത്തിൽ പാർട്ടി പ്രതിസ്ഥാനത്ത് നിന്നപ്പോൾ പോലും കേഡർമാർ പാർട്ടിക്കൊപ്പം നിന്നു. എന്നാൽ നേതാക്കളുടെ ബന്ധുക്കൾ ഉൾപ്പെടുന്ന കേസിനെ എങ്ങിനെ ന്യായീകരിക്കും എന്നത് അണികളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമാണ്.