KeralaNEWS

സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് സ്ഥലമായി റാന്നി ഇട്ടിയപ്പാറയിലെ സ്വകാര്യ-കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ

റാന്നി: ഒരു വളപ്പിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി-പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിൽ സ്വകാര്യ വാഹനങ്ങൾ തോന്നുംപടി പാർക്ക് ചെയ്തിട്ട് പോകുന്നത് ബസ്സുകൾക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു.തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളുടെയും മറ്റ്​ വാഹനങ്ങളുടെയും ഇടയിലൂടെ ജീവനുമായി യാത്രക്കാര്‍ ഓടി മാറേണ്ട അവസ്ഥയാണ് ഇന്നുള്ളത്.പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ ഉത്തരവാദിത്തമില്ലായ്മയാണ് പ്രധാന പ്രശ്നം.ബസ് സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അലക്ഷ്യമായി പാര്‍ക്ക്​ ചെയ്യുന്നു.നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ പാര്‍ക്കിങ്ങിന്​ കണ്ടെത്തുന്നതും ബസ് സ്റ്റാന്‍ഡാണ്.
രാവിലെ വാഹനം കൊണ്ടുവന്ന് ഇവിടെ പാര്‍ക്ക്​ ചെയ്ത ശേഷം ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക്​ പോകുന്നവരും ഉണ്ട്. രാത്രിയോടുകൂടി മാത്രമെ ഈ വാഹനങ്ങള്‍ ഇവിടെനിന്നു മാറ്റൂ. ബസുകള്‍ പാര്‍ക്ക്​ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മറ്റ്​ വാഹനങ്ങള്‍ കൈയടക്കി. അതോടെ ബസുകള്‍ സ്റ്റാന്‍ഡിന് മധ്യത്തില്‍
തലങ്ങും വിലങ്ങും പാര്‍ക്ക്​ ചെയ്യുന്നു.

ഇതിനിടയിലൂടെ മറ്റ്​ ബസുകള്‍ കടന്നുവരുമ്ബോള്‍ യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്.പലപ്പോഴും അപകടത്തില്‍നിന്ന്​ തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്.സ്റ്റാന്‍ഡിലെ വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുന്‍വശം കൈയേറി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.വണ്‍വേയിലൂടെ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാൻ സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്നതിന് മാത്രമായി​ വയലിന്​ നടുവിലൂടെ നിര്‍മിച്ച വഴി ഇപ്പോള്‍ എല്ലാ വാഹനങ്ങളും ഉപയോഗിക്കുകയാണ്.

ഏറെ കൊട്ടിഘോഷിച്ച് 2013 ഫെബ്രുവരി 20നാണ് കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ്​ സെന്റർ റാന്നിയില്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയത്.എന്നാല്‍ പിന്നീട്  ഒരു പുരോഗതിയും ഉണ്ടായില്ല എന്ന് മാത്രം.ആകെ തകർന്നു കിടക്കുകയാണ് ഇന്ന്

ഇട്ടിയപ്പാറ കെ.എസ്.ആര്‍.ടി.സി ബസ് ഓപ്പറേറ്റിങ്​ സെന്റർ.സ്​റ്റേഷന്‍ പരിസരം കുണ്ടും കുഴിയായി കിടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.വേനൽക്കാലമായതോടെ ഇവിടെ പൊടിശല്യവും രൂക്ഷമായി.

പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്ന്​ ഏക്കര്‍ സ്ഥലം കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി അക്വയര്‍ ചെയ്തു കൊടുത്ത സ്ഥലത്താണ് ഓപ്പറേറ്റിംഗ് സെന്റർ ഇരിക്കുന്നത്.സബ്ഡിപ്പോയും ഇതിനോട് ചേർന്ന് ശബരിമല ഇടത്താവളവും പണിയുമെന്നാണ് അറിയിച്ചതെങ്കിലും പിന്നീട് ഒന്നും നടന്നില്ല.ശബരിമലയുടെ പ്രാധാന്യവും കിഴക്കന്‍ മലയോര മേഖലയുടെ പുരോഗതിയും കണക്കിലെടുത്ത് ഇതു സബ് ഡിപ്പോ ആയി ഉയര്‍ത്തണമെന്നത് കാലങ്ങളായ ആവശ്യമാണ്.എന്നാൽ 17 ഷെഡ്യൂള്‍ ഉണ്ടായിരുന്നത് ലോക്​ഡൗണിന് ശേഷം 13  ആയി കുറഞ്ഞു. ബസുകള്‍ പലതും പല ഡിപ്പോയിലേക്ക് മാറ്റി.പല പ്രധാന സര്‍വിസുകളുടെയും ഓപറേറ്റിങ്​ പത്തനംതിട്ട ഡിപ്പോയില്‍ നിന്നായി. മലയോര മേഖലകളിലെ സര്‍വിസുകള്‍ പലതും നിര്‍ത്തലാക്കുകയും ചെയ്തു.
 മഴക്കാലത്ത് സ്റ്റാന്‍ഡ് ‍ചെളിക്കുണ്ടാണെങ്കില്, വേനല്‍ക്കാലത്ത് പൊടി ശല്യമാണ്.തൊട്ടടുത്ത് സ്വകാര്യ ബസ്​ സ്റ്റാന്‍ഡിനെ ആശ്രയിച്ചാണ് യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നത്.ഇവിടെ യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ മതിയായ സൗകര്യമൊരുക്കുവാനും അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Back to top button
error: