പോലീസ് കസ്റ്റഡിയിലിരിക്കെ കോട്ടയത്തുനിന്ന് മുങ്ങിയ പോക്സോ കേസ് പ്രതിയുടെ ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ ഇങ്ങനെ…
കേരളാ രജിസ്ട്രേഷനുള്ള വാഹനം കണ്ടാല്‍ മുങ്ങും; മലയാളികളെ കണ്ടാല്‍ മുഖം നല്‍കാതെ ഒഴിഞ്ഞുമാറും...
കോട്ടയം: പോലീസ് കസ്റ്റഡിയിലിരിക്കെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി അവിടെനിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച മുങ്ങിയ പോക്സോ കേസ് പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തതു. മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷി (24 )നെയാണ് വെസ്റ്റ് എസ്.ഐ: ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഒരുമാസത്തോളം പ്രതിക്കായി പോലീസ് വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.
കെ.എല്‍ രജിസ്ട്രേഷനുള്ള വാഹനം കണ്ടാല്‍ ഇയാള്‍ മുങ്ങി ഒളിച്ചിരിക്കുകയായിരുന്നു പതിവ്. മലയാളികളെ കണ്ടാല്‍ സംസാരിക്കാന്‍ മുഖം നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഒരു മാസം മുന്‍പാണ് ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പയ്ക്കു രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന്, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബെജു, വിഷ്ണു വിജയദാസ്, സൈബര്‍ സെല്ലിലെ ശ്യാം എസ്.നായര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് പോലീസ് കസ്റ്റഡിയില്‍നിന്ന് ബിജീഷ് രക്ഷപെട്ടത്. മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പ്രതി. ഇതിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പ്രതിയെയുമായി പോലീസ് സംഘം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ബാത്ത്റൂമില്‍ പോകുന്നതിനായി പുറത്തിറങ്ങിയ പ്രതി, ജനറല്‍ ആശുപത്രിയുടെ പിന്നിലൂടെ ചാടി രക്ഷപെടുകയായിരുന്നു.
തുടര്‍ന്ന്, ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി അവിടെനിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയി. ഇവിടെ നിന്നാണ് ഇയാള്‍ ബംഗളൂവില്‍ എത്തിയത്. പത്തു ദിവസത്തോളം ബംഗളൂരുവില്‍ തങ്ങിയ ഇയാള്‍ ഇവിടെ നിന്നും മുംബൈയിലേയ്ക്കു കടന്നു. അവിടെ നിന്ന് മടങ്ങിയെത്തിയ പ്രതി ബംഗളൂരുവിലെ സ്വകാര്യ ബസില്‍ ജോലിയ്ക്കു കയറുകയായിരുന്നു. തുടര്‍ന്ന്, ബംഗളൂര്‍ ഹൈദരാബാദ് സ്വകാര്യ ബസില്‍ ജോലിയ്ക്കു കയറി. ബംഗളൂരു, മുംബൈ റൂട്ടില്‍ സ്ഥിരമായി ഇയാള്‍ ബസില്‍ ജോലി ചെയ്യുകയായിരുന്നു.