കടപ്ലാമറ്റം പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു
കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം തുടങ്ങി
കോട്ടയം: കടപ്ലാമറ്റം പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. പഞ്ചായത്ത് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഓഫീസ് അടക്കമുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരുമിച്ച് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട രേഖകളും അനുമതികളുമെല്ലാം സമയബന്ധിതമായി നല്‍കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സംവിധാനം ഏകീകൃതമായത് പൊതുജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു.
കടപ്ലാമറ്റം ഹോമിയോ ആശുപത്രി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ മോഹന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആന്‍സി സഖറിയാസ്, ബിന്‍സി സാവിയോ, സച്ചിന്‍ സദാശിവന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജീന സിറിയക്, സിന്‍സി മാത്യു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബിനു ജോണ്‍, പഞ്ചായത്തംഗങ്ങളായ ജാന്‍സി ജോര്‍ജ്, കെ.ആര്‍ ശശിധരന്‍ നായര്‍, ജോസ് കൊട്ടിയംപുരയിടം, ജയ്‌മോള്‍ റോബര്‍ട്ട്, ബീന തോമസ്, പ്രവീണ്‍ പ്രഭാകര്‍ , മത്തായി മാത്യു, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഗോപിദാസ് തറപ്പില്‍, തോമസ് റ്റി. കീപ്പുറം, പി.എം. ജോസഫ്, സി.സി. മൈക്കിള്‍, തോമസ് പുളിക്കിയില്‍, ബേബി വര്‍ക്കി, തോമസ് ആല്‍ബര്‍ട്ട് , റ്റി.കെ സജീ സഭക്കാട്ടില്‍, ടി.കെ. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു . കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് കല്ലുപുര സ്വാഗതവും സെക്രട്ടറി കെ.കെ. അംബികാദേവി നന്ദിയും പറഞ്ഞു .
കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി വിട്ടുനല്‍കിയ 25 സെന്റ് സ്ഥലത്ത് 16000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്ന് നിലകളിലായാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം. പഞ്ചായത്ത് സമുച്ചയം, വില്ലേജ് ഓഫീസ്, കൃഷിഭവന്‍, ഹോമിയോ ആശുപത്രി, വി.ഇ.ഒ ഓഫീസ്, കുടുംബശ്രീ ഓഫീസ്, എല്‍.എസ് ജി.ഡി ഓഫീസ് എന്നിവയാണ് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുക.