Crime

കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍നിന്ന് ചാടി രക്ഷപെട്ട പോക്സോ കേസ് പ്രതി ബംഗളൂരുവില്‍നിന്ന് പിടിയില്‍

പിടിയിലായത് നാലു മാസത്തിനു ശേഷം; പ്രതിയെ പിടികൂടിയത് കോട്ടയം വെസ്റ്റ് പോലീസ്

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയില്‍നിന്ന് ചാടി രക്ഷപെട്ട പോക്സോ കേസ് പ്രതി നാലു മാസത്തിനു ശേഷം ബംഗളൂരുവില്‍നിന്ന് പിടിയില്‍. സബ് ജയിലില്‍ നിന്നും പരിശോധനയ്ക്കായി എത്തിച്ചപ്പോഴായിരുന്നു പ്രതി രക്ഷപെട്ടത്. മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷ് (24 ) ആണ് പോലീസ് കസ്റ്റഡിയില്‍നിന്ന് നവംബര്‍ 24ന് രക്ഷപെട്ടത്. മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പ്രതി.

Signature-ad

വയറുവേദന അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിയേയുമായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ പോലീസുകാര്‍ എത്തിയിരുന്നു. അന്ന് പരിശോധന നടത്തിയശേഷം പ്രശ്നങ്ങളൊന്നും കാണാത്തതിനെത്തുടര്‍ന്ന് പ്രതിയെ വീണ്ടും ജില്ലാ ജയിലിലേക്ക് അയച്ചു. തൊട്ടടുത്ത ദിവസം രാവിലെ വീണ്ടും വയറുവേദന അനുഭവപ്പെടുന്നതായി പ്രതി വീണ്ടും പരാതി പറഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ പ്രതി വീണ്ടും വയറുവേദന അനുഭവപ്പെടുന്നതായും ബാത്റൂമില്‍ പോകണമെന്നും പറഞ്ഞ് പോകവേയാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ പൊലീസ് സംഘം തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല.

തുടര്‍ന്നു, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പയുടെ നിര്‍ദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി: ജെ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ വെസ്റ്റ് എസ്.ഐ: ടി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ ബൈജു, വിഷ്ണു വിജയദാസ്, സൈബര്‍ സെല്ലിലെ ശ്യാം എസ്. നായര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Back to top button
error: