പൊന്നാനിയുടെ ഹൃദയം തൊട്ടറിയാൻ റൊമാനിയൻ സാഹിത്യകാരി കാട്രീന പവൽ
എടപ്പാൾ: പൊന്നാനി എന്ന നാടിന്റെ സാസ്കാരികത്തനിമയും സാമുദായികസൗഹൃദവും പഠിക്കാനായി റൊമാനിയൻ സാഹിത്യകാരി കാട്രീന പവൽ എത്തി. പൊന്നാനിയിലെ വിവിധ പള്ളികളും പുരാതന തറവാടുകളും ഇവർ സന്ദർശിച്ചു. തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്തെ കമല സുരയ്യയുടെ സ്മാരകം സന്ദർശിച്ച കാട്രീന പൊന്നാനിയിലെ പഴയകാല തറവാടായ വെട്ടം പോക്കിരിയകം, ചോഴിമഠം, നൂർദിയാനകം എന്നിവിടങ്ങളിലും വലിയ ജുമാമസ്ജിദ്, തെരുവത്ത് പള്ളി, തോട്ടുങ്ങൽ പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
കമല സുരയ്യയെക്കുറിച്ച് കാട്രീന ഗവേഷണപ്രബന്ധം രചിച്ചിട്ടുണ്ട്. ജർമനിയിലെ ഗോട്ടിങ്ങൻ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിനിയാണ് ഇവർ.
എം.ഇ.എസിന്റെ സംസ്ഥാന ജനറൽസെക്രട്ടറിയായി തിരഞ്ഞെടുത്ത പൊന്നാനിയിലെ പ്രൊഫ. കടവനാട് മുഹമ്മദിന്റെ വസതിയും സന്ദർശിച്ചു. കാലിക്കറ്റ് സർവകലാശാലാ മുൻ പരീക്ഷാകൺട്രോളറും പൊന്നാനി സ്വദേശിയുമായ എം.കെ. പ്രമോദിന്റെ ക്ഷണം സ്വീകരിച്ചാണ് കാട്രീന പവൽ പൊന്നാനിയിലെത്തിയത്. പുഴയോരപാതയായ കർമ റോഡും സന്ദർശിച്ച കാട്രീന ഭാരതപ്പുഴയിൽ ഉല്ലാസ ബോട്ടുയാത്രയും നടത്തി.