‘ആരോപണം എന്റെ അറിവോടെയല്ല’; എംഎം മണിക്ക് മറുപടിയുമായി കെ കൃഷ്ണന്‍കുട്ടി സംഭവത്തില്‍ മുന്‍ വൈദ്യുത മന്ത്രിയായിരുന്ന എംഎം മണിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം 15 Feb 2022 12:56 PM റിപ്പോർട്ടർ നെറ്റ്‌വർക്ക് കെഎസ്ഇബി ചെയര്‍മാന്റെ ആരോപണങ്ങള്‍ തന്റെ അറിവോടെയല്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുന്‍ മന്ത്രിക്കെതിരെ താന്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ചെയര്‍മാനായ ബി അശോകന്‍ ഇതിനകം വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കണ്ടതിന് പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കുറ്റപ്പെടുത്തി എന്തിനാണ് ഇങ്ങനെ ഒരു കുറിപ്പെന്ന് ചോദിച്ചു. എന്നാല്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തിയല്ല പോസ്റ്റ്. ബോര്‍ഡ് അറിയാതെ ചില കാര്യങ്ങള്‍ നടന്നിട്ടുണ്ട്. എംഎം മണിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നാണ് ചെയര്‍മാന്റ് വിശദീകരണമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ മുന്‍ വൈദ്യുത മന്ത്രിയായിരുന്ന എംഎം മണിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം. അശോകന്റെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്നും ഇതൊക്കെ ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയായ കൃഷ്ണന്‍കുട്ടി പറയിപ്പിച്ചതാണോയെന്നുമാണ് എംഎം മണി ചോദിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വിശദമായി മറുപടി നല്‍കുമെന്നും എംഎം മണി പറഞ്ഞിരുന്നു. കെഎസ്ഇബി ചെയര്‍മാനും സിഐടിയും ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പോരാണ് നിലവിലെ വിവാദങ്ങളുടെ തുടക്കം.
ചെയര്‍മാനായ ബി അശോകന്‍ അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്ഇബിക്ക് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കിയെന്നാണ് യൂണിയന്റെ ആരോപണം. ബി അശോകന്‍ അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് സമരസമിതിയുടെ തീരുമാനം.