വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന നല്ലൊരു ജൈവ വളമാണ് ഫിഷ് അമിനോ ആസിഡ്
ഫിഷ് അമിനോ ആസിഡ്
തയ്യാറാക്കുന്ന വിധം
ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം.
മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക.
ഉപയോഗം
ഗ്രോ ബാഗ് നിറക്കുമ്പോൾ/ അല്ലെങ്കിൽ തടം ഒരുക്കുമ്പോൾ തന്നെ ഈ തെളി നമുക്ക് പ്രയോഗിക്കാം. കാരണം അതിലടങ്ങിയിട്ടുള്ള എല്ലാ ഗുണങ്ങളും വളർച്ചയുടെ പ്രാരംഭ ഘട്ടം മുതൽ ആവശ്യമുള്ളത് തന്നെ.. ചേർക്കേണ്ടത് 20ml ഇൽ 1ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ചു ചേർത്ത് കൊടുക്കുക.ഏറ്റവും ഗുണപ്രദമാകുന്ന സമയമാണ് ഇത്.. ശേഷം രണ്ടാഴ്ച കൂടുമ്പോൾ / നാലില പരുവം വരെ 10ml ഫിഷ് അമിനോ ആസിഡിൽ 1ലിറ്റർ വെള്ളം ചേർത്ത് തടത്തിൽ ഒഴിച്ചു കൊടുക്കാം..ഇലകളിൽ സ്പ്രെ ചെയ്യാൻ 3ml മുതൽ 5 ml വരെ ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു ചെടികളുടെ വലിപ്പമനുസരിച്ചു ഉപയോഗിക്കാം.
പൂവിടാൻ തുടങ്ങുന്നതിനു മുൻപ് വരെ മാത്രം ഈ പ്രയോഗം മതി… കാരണം നൈട്രജൻ അളവ് കൂടുതലായതിനാൽ അത് ഗുണത്തെക്കാൾ ദോഷമായി ബാധിക്കും.. ശേഷം കായ്ച്ചു കഴിഞ്ഞാൽ വേണമെങ്കിൽ ഒരിക്കൽ കൂടി തടത്തിൽ ഒഴിച്ചു കൊടുക്കാം. അതു കായ്കൾക്ക് വലിപ്പം വെക്കാൻ സഹായിക്കും. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ ഉപയോഗിക്കരുത്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും.