അതിര്‍ത്തിയിലെ ലെബനീസ് ഗ്രാമത്തിലെ എല്ലാ വീടുകളും നശിപ്പിക്കും; ഗാസയിലേതിനു സമാനമായ നാശമുണ്ടാക്കും; ഹിസ്ബുള്ളയ്‌ക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിടുമെന്ന സൂചന നല്‍കി ഇസ്രയേല്‍; യുദ്ധം അവസാനിച്ചാലും നിയന്ത്രണം തുടരും

ജെറുസലേം: അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലെബനീസ് ഗ്രാമങ്ങളിലെ എല്ലാ വീടുകളും ഇസ്രായേല്‍ നശിപ്പിക്കുമെന്നും, തെക്കന്‍ ലെബനനില്‍നിന്ന് പലായനം ചെയ്ത 6,00,000 ആളുകളെ വടക്കന്‍ ഇസ്രായേല്‍ സുരക്ഷിതമാകുന്നത് വരെ തിരികെ വരാന്‍ അനുവദിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി. ആ പ്രദേശത്ത് ഗാസയിലേതിന് സമാനമായ നാശനഷ്ടങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പുമായുള്ള യുദ്ധം അവസാനിച്ചാല്‍ ലിറ്റാനി നദി വരെയുള്ള പ്രദേശം തങ്ങളുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തുമെന്ന് പറഞ്ഞ ഇസ്രായേല്‍ കാറ്റ്‌സ്, തെക്കന്‍ ലെബനനില്‍ ബഫര്‍ സോണ്‍ സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ ആവര്‍ത്തിച്ചു.
പ്രാദേശിക യുദ്ധത്തില്‍ ടെഹ്റാനെ പിന്തുണച്ച് വെടിയുതിര്‍ക്കാന്‍ ഹിസ്ബുള്ള തീരുമാനിച്ചതിനെ തുടര്‍ന്ന്, മാര്‍ച്ച് രണ്ടിനു ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ലെബനനില്‍ 1.2 ദശലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെടുകയും 1,200 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
ലിറ്റാനി നദി ഇസ്രായേല്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ (20 മൈല്‍) വടക്ക് മെഡിറ്ററേനിയന്‍ കടലുമായി ചേരുന്നു. ഈ നദിക്കും ഇസ്രായേല്‍ അതിര്‍ത്തിക്കും ഇടയിലുള്ള പ്രദേശം ലെബനന്റെ ഭൂപ്രദേശത്തിന്റെ പത്തിലൊന്നോളം വരും. തെക്കന്‍ മേഖലയിലെ വലിയൊരു ഭാഗവും, ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളും, കിഴക്കന്‍ ലെബനനിലെ ഗ്രൂപ്പിന്റെ രാഷ്ട്രീയ കേന്ദ്രങ്ങളും ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേല്‍ സൈന്യം (ഐഡിഎഫ്) ഈ മാസം ആദ്യം താമസക്കാരോട് ഉത്തരവിട്ടിരുന്നു.
‘റഫ’ മോഡല്‍
‘ഓപ്പറേഷന്റെ അവസാനം, ഐഡിഎഫ് ലെബനനുള്ളില്‍ ഒരു സുരക്ഷാ മേഖല സ്ഥാപിക്കും ടാങ്ക് വിരുദ്ധ മിസൈലുകള്‍ക്കെതിരായ ഒരു പ്രതിരോധ നിര കൂടാതെ ലിറ്റാനി പാലങ്ങള്‍ ഉള്‍പ്പെടെ ലിറ്റാനി നദി വരെയുള്ള മുഴുവന്‍ പ്രദേശത്തിന്റെയും സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തും’- കാറ്റ്‌സ് പറഞ്ഞു.
തെക്ക് ഭാഗത്തേക്ക് നുഴഞ്ഞുകയറിയ ഹിസ്ബുള്ളയുടെ എലൈറ്റ് റദ്വാന്‍ പോരാളികളെ ഇസ്രായേല്‍ സൈന്യം ഉന്മൂലനം ചെയ്യുമെന്നും എല്ലാ ആയുധങ്ങളും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ ഇസ്രായേലിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ കുടിയിറക്കപ്പെട്ട താമസക്കാരെ ലിറ്റാനിക്ക് തെക്ക് ഭാഗത്തേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വടക്കന്‍ നിവാസികള്‍ക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഭീഷണികള്‍ ശാശ്വതമായി നീക്കം ചെയ്യുന്നതിനായി, ഗാസയിലെ റഫയിലും ബെയ്റ്റ് ഹനൂനിലും ഉപയോഗിച്ച മാതൃകയില്‍, ലെബനീസ് അതിര്‍ത്തിക്കടുത്തുള്ള ഗ്രാമങ്ങളിലെ എല്ലാ വീടുകളും നശിപ്പിക്കപ്പെടും’ അദ്ദേഹം പറഞ്ഞു.
ഹിസ്ബുള്ള 5,000 ഡ്രോണുകളും മിസൈലുകളും തൊടുത്തു
സംഘര്‍ഷത്തിനിടെ ഹിസ്ബുള്ള ഇസ്രായേലിന് നേരെ അയ്യായിരത്തോളം ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും തൊടുത്തുവിട്ടതായി ഇസ്രായേല്‍ സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ നദവ് ശോഷാനി പറഞ്ഞു. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് പുതിയ തരംഗ ആക്രമണങ്ങള്‍ നടത്തുന്നതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
2024-ന് ശേഷം ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള രണ്ടാമത്തെ വലിയ സംഘര്‍ഷമാണിത്. കഴിഞ്ഞ യുദ്ധത്തില്‍ ഹിസ്ബുള്ളയുടെ നേതാവ് ഹസന്‍ നസ്‌റള്ളയെയും ആയിരക്കണക്കിന് പോരാളികളെയും കൊലപ്പെടുത്തി ഇസ്രായേല്‍ കനത്ത പ്രഹരമേല്‍പ്പിച്ചിരുന്നു. ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 124 കുട്ടികളും 52 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1,247 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
400-ലധികം ഹിസ്ബുള്ള പോരാളികള്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ആഴ്ച സ്രോതസുകള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തില്‍ തങ്ങളുടെ 10 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിക വിപ്ലവം കയറ്റുമതി ചെയ്യുന്നതിനും ആ വര്‍ഷം അധിനിവേശം നടത്തിയ ഇസ്രായേല്‍ സൈന്യത്തോട് പോരാടുന്നതിനുമായി 1982-ല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് രൂപീകരിച്ച ഗ്രൂപ്പാണ് ഹിസ്ബുള്ള.
#IsraelLebanonWar, #Hezbollah, #IsraelKatz, #LitaniRiver, #MiddleEastCrisis, #LebanonConflict, #IDF, #BufferZone, #BeirutStrikes, #GazaModel, #WarNews, #InternationalRelations, #SecurityZone, #LebanonDisplaced, #IsraelSecurity, #BreakingNews, #KeralaNews, #Dailyhunt, #GoogleNews, #MalayalamUpdates, #WorldNewsMalayalam, #HumanitarianCrisis, #MiddleEastConflict2026, #MilitaryOffensive






