പല ലാബുകളില്‍ പല റിസൽട്ട്, ഒടുവിൽ വിമാനയാത്ര മുടങ്ങി യുവതിയും മക്കളും നിരാശയോടെ വീട്ടിലേയ്ക്കു മടങ്ങി
മണിക്കുറുകളുടെ വ്യത്യാസത്തിൽ രണ്ടു തവണ സ്വകാര്യ ലാബിൽ അമ്മയും മക്കളും കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ രണ്ടും നെഗറ്റീവ്. കരിപ്പൂർ വിമാനത്താവളത്തിൽ രാത്രി നടത്തിയ ടെസ്റ്റിൽ പോസിറ്റീവ്. പുറത്തെത്തി വീണ്ടും പരിശോധന നടത്തിയപ്പോൾ നെഗറ്റീവ്. ഒടുവിൽ ദുബായ് യാത്ര മുടങ്ങി അർദ്ധരാത്രി വീട്ടിലേയ്ക്കു മടങ്ങി ഇവർ.
കരിപ്പൂർ: വിദേശയാത്രയ്ക്കു മുമ്പ് സ്വകാര്യ ലാബിൽ രണ്ടു തവണ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ യുവതിക്കും മക്കൾക്കും രണ്ടും നെഗറ്റീവ്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തി രാത്രി യാത്രതിരിക്കാൻ മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ അവിടെ നടത്തിയ റാപിഡ് പിസിആർ പരിശോധനയിൽൽ പോസിറ്റീവ്. യാത്ര മുടങ്ങിയ കുടുംബം പുറത്തെത്തി വീണ്ടും പരിശോധന നടത്തിയപ്പോൾ നെഗറ്റീവ്.
കോവിഡ് പരിശോധന ഫലങ്ങളിലെ വ്യത്യാസം മൂലം യാത്രയും മുടങ്ങി പണവും നഷ്ടപ്പെട്ട കുടുംബം ഒടുവിൽ അര്‍ധരാത്രി വീട്ടിലേയ്ക്കു തന്നെ തിരിച്ചു പോന്നു.
കോഴിക്കോട് അരീക്കാട് സ്വദേശി റുക്സാനക്കും കുട്ടികൾക്കുമാണ് ദുബായിലേക്കുള്ള യാത്ര മുടങ്ങി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അര്‍ധരാത്രിയോടെ മടങ്ങേണ്ടി വന്നത്. ദുബായിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവിനടുത്തേക്കു പോകാനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്ര ബിസിനസ് ക്ലാസിലായതിനാൽ ഒന്നരലക്ഷത്തോളം രൂപ ടിക്കറ്റിന് നൽകി. ഫെബ്രുവരി രണ്ടിനു രാത്രി 11 മണിക്ക് കരിപ്പൂരിൽ നിന്നായിരുന്നു ഫ്ലൈറ്റ്.
ദുബായിലേക്ക് പുറപ്പെടും മുൻപ് റാപിഡ് പിസിആർ പരിശോധനാ ഫലം നിർബന്ധമായതിനാൽ കോവിഡ് ഇല്ലെന്ന് ഉറപ്പിക്കാൻ അരയിടത്തുപാലത്തെ സ്വകാര്യ ലാബിൽ നിന്നും യുവതിയും കുട്ടികളും ജനുവരി 31നു വൈകിട്ട് 7.30നും ഫെബ്രുവരി ഒന്നിനു രാത്രി 8.45 നും ആർടിപിസിആർ പരിശോധന നടത്തി. രണ്ടിലും നെഗറ്റീവ് എന്ന് ഫലം ലഭിച്ചു. യാത്രപുറപ്പെടേണ്ട ഫെബ്രുവരി രണ്ടിന് കരിപ്പൂർ വിമാനത്താവളത്തിൽ രാത്രി 7.11 ന് ഇതേ സ്ഥാപനത്തിന്റെ ലാബിൽ റാപിഡ് പിസിആർ ടെസ്റ്റ് നടത്തി. യാത്ര പുറപ്പെടാൻ മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ ലഭിച്ച ഫലം പോസിറ്റീവ്.
മണിക്കൂറുകൾക്കിടയിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലെ വൈരുധ്യം ചോദിച്ചപ്പോൾ ലാബ് അധികൃതർ കൈമലർത്തി. തുടർന്ന് വിമാനക്കമ്പനി പ്രതിനിധികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിച്ചില്ല. ഒടുവിൽ വിമാനം പുറപ്പെട്ടതോടെ യുവതിയേയും കുട്ടികളേയും വിമാനത്താവളത്തിൽനിന്നും പുറത്താക്കി.
അര്‍ധരാത്രിയോടെയാണ് എന്തുചെയ്യണമെന്നറിയാതെ ഇവർ വീട്ടിലേക്കു മടങ്ങിയത്. രാവിലെ വീണ്ടും വിമാനക്കമ്പനി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് സ്വകാര്യ ലാബിലെ പരിശോധനയിൽ സംശയം തോന്നി കോഴിക്കോട് നഗരത്തിലെ ലാബിൽ ഇവർ വീണ്ടും റാപിഡ് പിസിആർ ടെസ്റ്റ് നടത്തി. ഫലം വന്നപ്പോൾ നെഗറ്റീവ്.
സ്വകാര്യ ലാബുകളിലെ മണിക്കൂറുകൾ മാത്രം വ്യത്യാസത്തിൽ നടത്തുന്ന പരിശോധനകളിൽ കോവിഡ് വൈറസ് റിപ്പോർട്ട് മാറിവരുന്ന സാഹചര്യം അന്വേഷിക്കണമെന്നും വിദേശ യാത്രയ്ക്ക് പോകുന്ന സ്ത്രീകളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസിനും കരിപ്പൂർ എയർപോർട്ട് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട് റുക്സാന.