KeralaNEWS

സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുമായി എം ശിവശങ്കറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങുമെന്ന് പ്രസാദകർ, പക്ഷേ സർക്കാർ  പുസ്തകത്തിന് അനുമതി നിഷേധിച്ചു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. കസ്റ്റംസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ലഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന തന്‍റെ സഹായം തേടിയെന്നു ശിവശങ്കര്‍ സമ്മതിക്കുന്നു. പക്ഷേ താനത് നിരസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരാൾ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല. ഐഫോണ്‍ സമ്മാനിച്ച് സ്വപ്ന തന്നെ ചതിക്കുകയായിരുന്നു എന്നാണ് ശിവശങ്കരൻ്റെ കുമ്പസാരം

 

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരില്‍ ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിൻ്റെ അനുഭവ കഥ എന്നാണ് ഡി.സി ബുക്സ് പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

Signature-ad

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വലിയ വെളിപ്പെടുത്തലുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. കേസിൽ ഉൾപ്പെട്ടതിനെ തുടർന്നുള്ള സസ്പെൻഷൻ ഈയിടെയാണ് സർക്കാർ പിൻവലിച്ചത്. തുടർന്ന് അദ്ദേഹത്തെ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ, ഇതുവരെ തസ്തിക സർക്കാർ നിശ്ചയിച്ചിട്ടില്ല.

അധികാരത്തിന്റെ ഉന്നത സ്ഥാനത്തിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥയെന്നാണ് പുസ്തകത്തെ സംബന്ധിച്ച് പ്രസാധകരായ ഡി.സി പറയുന്നത്.
യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തു കേസ് കൂടാതെ പിന്നെയും കുറേ കേസുകളില്‍ കുടുക്കി.
ജയിലിലടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും പ്രസാധക കുറിപ്പിൽ പറയുന്നു.

കസ്റ്റംസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ലഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന തന്‍റെ സഹായം തേടിയെന്നു ശിവശങ്കര്‍ ഈ പുസ്തകത്തിൽ സമ്മതിക്കുന്നു. പക്ഷേ സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ താന്‍ ഇടപെട്ടെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ ശിവശങ്കര്‍ തള്ളിക്കളയുന്നു. സ്വപ്നയുടെ നിയമനത്തില്‍ താന്‍ ഇടപെട്ടിട്ടില്ല. ഐഫോണ്‍ സമ്മാനിച്ച് സ്വപ്ന തന്നെ ചതിച്ചെന്നും ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തില്‍ പറയുന്നു.
ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന സ്വപ്ന ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരാൾ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല എന്നും അദ്ദേഹം ആത്മകഥയിൽ പറയുന്നു. പുസ്തകം ഡി.സി ബുക്‌സാണ് പുറത്തിറക്കുന്നത്. എം ശിവശങ്കർ ജയിൽ മോചിതനായി ഒരു വർഷം പൂർത്തിയാവുന്ന വേളയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.
ആത്മകഥയുടെ ഒരധ്യായം ഇത്തവണത്തെ പച്ചക്കുതിര മാസികയില്‍ ചേര്‍ത്തിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുകളില്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് ഈ അധ്യായത്തില്‍ പറയുന്നു.

സ്വർണക്കടത്ത് കേസിൽ തനിക്കെതിരെ പ്രചരിച്ചത് കടും നിറത്തിലുള്ള ആരോപണങ്ങളും ഊതിപ്പെരുപ്പിച്ച നുണകളുമാണ്. സ്വർണക്കടത്ത് കേസിൽ തന്റെ പേര് വലിച്ചിഴക്കപ്പെട്ടു. സ്വപ്നയുമായി പഴയൊരു സുഹൃദമുണ്ടായിരുന്നു. എന്നാൽ, സ്വപ്നയ്ക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടായിരുന്നു എന്നത് അറിയില്ലായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന സ്വപ്നയുടെ ആവശ്യം നിരസിച്ചു. പിന്നീട് സ്വപ്നയും ഭർത്താവും ഫ്ലാറ്റിലെത്തി വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, ഇടപെടാൻ കഴിയില്ലെന്ന് വീണ്ടും മറുപടി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരാൾ പോലും കസ്റ്റംസിനെ വിളിച്ചിട്ടില്ല. ദുബായിൽ നിന്ന് സ്വർണം കയറ്റിവിട്ടത് ആര്, ആർക്കുവേണ്ടിയാണ് എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനായി തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പെരുംനുണ പറഞ്ഞു. മാധ്യമങ്ങൾ വേട്ടയാടി. സസ്പൻഷൻ ആവുന്നതിനു മുൻപ് അങ്ങനെ റിപ്പോർട്ട് നൽകി. സെക്രട്ടേറിയറ്റിലെ ചില സുഹൃത്തുക്കളാണ് തനിക്കെതിരെ പണിയൊപ്പിച്ചത് എന്നും ശിവശങ്കർ പുസ്തകത്തിൽ കുറിയ്ക്കുന്നു.

ഇതിനിടെ ശിവശങ്കറിന്റെ പുസ്തകത്തിന് സർക്കാർ അനുമതി നിഷേധിച്ചു. അഖിലേന്ത്യാ സർവീസ് ചട്ടം 7 പ്രകാരം പുസ്തകം പ്രസിദ്ധീകരിക്കാൻ മുൻകൂർ അനുമതി വാങ്ങണം.
എന്നാൽ സർക്കാരിന്റെ മുൻകൂർ അനുമതി എം.ശിവശങ്കർ വാങ്ങിയിട്ടില്ല. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിനാണ് സർക്കാർ അനുമതി നിഷേധിച്ചത്.

Back to top button
error: