HealthLIFE

വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ

ദിവസം 180 ലിറ്റര്‍ രക്തമാണ് വൃക്കകളിലൂടെ കടന്നുപോകുന്നത്. ഇത്രയധികം രക്തചംക്രമണമുള്ള മറ്റൊരവയവം ശരീരത്തില്‍ ഇല്ല.ആവശ്യമുള്ള വെള്ളവും ലവണങ്ങളും  ആഗിരണം ചെയ്യുകയും അനാവശ്യലവണങ്ങളും വെള്ളവും പുറന്തള്ളുകയും ചെയ്യുന്നത് വൃക്ക വഴിയാണ്.അനാവശ്യ വെള്ളവും ലവണങ്ങളുമാണ് മൂത്രമായി പുറത്തുവരുന്നത്.180 ലിറ്റര്‍ രക്തം വൃക്കകളിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ നിന്ന് ഒന്നരലിറ്റര്‍ മാത്രമാണ് മൂത്രമായി വേര്‍തിരിച്ചെടുക്കുന്നത്.ചെറിയ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ടാലും വൃക്കകള്‍ അതിനെ കാര്യമാക്കാറില്ല. കഠിനപ്രയത്‌നത്തിലൂടെ കൂടുതല്‍ പ്രവര്‍ത്തിച്ച് ഈ സ്ഥിതി മറികടക്കും. എന്നാല്‍ കാര്യമായ തകരാറുണ്ടായാല്‍ സ്ഥിതിമാറും. അനുബന്ധ പ്രശ്‌നങ്ങള്‍ വൃക്കകളില്‍ ഒതുങ്ങുകയുമില്ല. അത് ഹൃദയത്തിന്റെ താളം തെറ്റിക്കും. ശരീരത്തെ പലതരത്തിലും ബാധിക്കും. ജീവന് തന്നെ ഭീഷണിയാവും. അപ്പോഴാണ് പലരും വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നത്.


 
ശരീരത്തില്‍ പ്രതിരോധ സംവിധാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് ഇടയാക്കും. വിവിധതരം നെഫ്രൈറ്റിസ് ഇതിന് ഉദാഹരണമാണ്.ജീവിതശൈലീ രോഗങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് വഴിവെക്കാറുണ്ട്.ഇത് വലിയൊരു പ്രശ്‌നമായി മാറുകയുമാണ്. പ്രമേഹം, അമിതരക്തസമ്മര്‍ദം എന്നിവക്കു പുറമെ പൊണ്ണത്തടിയും കൊഴുപ്പിന്റെ അളവിലെ വ്യതിയാനങ്ങളും വൃക്കരോഗങ്ങള്‍ക്ക് ഇടയാക്കും.ഗൗട്ടാണ് മറ്റൊരു പ്രശ്‌നം.പാരമ്പര്യമായും ചില വൃക്കരോഗങ്ങള്‍ കാണാറുണ്ട്. അല്‍പോര്‍ട്ട്‌സ് സിന്‍ഡ്രോം, പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് എന്നിവ ഉദാഹരണങ്ങള്‍.
 അണുബാധകളും ചിലപ്പോള്‍ വൃക്കരോഗത്തിന് കാരണമാവും.പൈലോ നെഫ്രൈറ്റിസ് ഉദാഹരണം.സാംക്രമിക രോഗങ്ങളായ മലമ്പനി, വീല്‍സ് (എലിപ്പനി) ഛര്‍ദ്ദി, അതിസാരം എന്നിവയും വൃക്കരോഗത്തിന് കാരണമായിത്തീരാറുണ്ട്. ഇതിനെല്ലാം പുറമേ വൃക്കയിലെ കല്ലുകളും അവയവത്തിന്റെ നാശത്തിന് ഹേതുവാകാം.

മൂത്രത്തില്‍ മൈക്രോ ആല്‍ബുമിന്‍ പ്രത്യക്ഷപ്പെടുന്നത് വൃക്കരോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. രക്തക്കുഴലുകള്‍ക്ക് നാശം സംഭവിക്കുന്നതായി വൃക്കകള്‍ തരുന്ന ആദ്യസൂചനയാണിത്. ഇത് ക്രമേണ വൃക്കസ്തംഭനത്തിനും ഹൃദ്രോഗത്തിനും വഴിവെക്കാം.
മൂത്രത്തില്‍ വളരെ ചെറിയതോതില്‍ ആല്‍ബുമിന്‍ നഷ്ടപ്പെടുന്നത് കണ്ടുപിടിക്കാന്‍ മൈക്രോ ആല്‍ബുമിനൂറിയ പരിശോധന നടത്താം. ഇതിന് ആധുനിക പരിശോധന രീതികളുണ്ട്. വൃക്കരോഗം പുരോഗമിച്ചവരില്‍ പ്രതിദിനം 300 മില്ലിഗ്രാമില്‍ കൂടുതല്‍ മൈക്രോ ആല്‍ബുമിന്‍ മൂത്രത്തിലൂടെ വിസര്‍ജിക്കും. രോഗാവസ്ഥ കൂടുമ്പോള്‍ മൂത്രത്തില്‍ യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെ അളവും കൂടുന്നു. ക്രിയാറ്റിനില്‍ 1.5മില്ലിഗ്രാമില്‍ കൂടിയാല്‍ വിദഗ്ധ പരിശോധന അത്യാവശ്യമാണ്.

1 മൂത്രത്തിന്റെ മാറ്റം

Signature-ad

ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്.എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

2 ക്ഷീണവും ശ്വാസം മുട്ടും

അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം.വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലർക്ക് തണുപ്പും അനുഭവപ്പെടും.

ഓക്സിജൻ കുറയുന്നതുമൂലവും ശ്വാസകോശത്തിൽ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു വേണ്ട ഓക്സിജൻ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.

3 മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

4 രുചിയില്ലായ്മയും ദുർഗന്ധവും

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാൽ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛർദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.

5 ചൊറിച്ചിൽ

ശരീരത്തിൽ മാലിന്യം പുറന്തള്ളുന്നതിൽ വൃക്കകൾ പരാജയപ്പെടുന്നത് ചർമത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാകാൻ ഇടയാകും.

6 വേദന

മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയിൽ നീർക്കുമിളകൾ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകൾ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല.വിവിധ വൃക്കരോഗങ്ങൾ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്.ഇവയിലൊന്നു കണ്ടാൽ ഒരു നിമിഷം പോലും വൈകാതെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക.

Back to top button
error: