KeralaNEWS

“ആ പാവങ്ങളെ കുടുക്കിയതാണ്. അവർ തെറ്റു ചെയ്തിട്ടില്ല…” പൊട്ടിത്തെറിച്ച് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ

അറസ്റ്റിലായ യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടികള്‍. ചിൽഡ്രൻസ് ഹോമിൽ സുരക്ഷ ഇല്ലെന്നും മാനസിക സമ്മർദ്ദമുണ്ടെന്നും ആറുപേരും മൊഴി നൽകിയി. ഇതിനിടെ പെൺകുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് 6 പെൺകുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഫെബിന്‍ റാഫിയും ടോം തോമസും കുറ്റക്കാരല്ലെന്ന് പെണ്‍കുട്ടികള്‍.

അവർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വികാരാധീനരായി പെൺകുട്ടികൾ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

Signature-ad

ചൈൽഡ് വെൽഫെയർ കമ്മിറ്റി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോടായിരുന്നു പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു വിശദീകരണം നല്‍കിയത്. അതിനിടെ പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

മദ്യം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെബിന്‍ റാഫി, ടോം തോമസ് എന്നിവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇരുവര്‍ക്കുമെതിരെ പോക്സോ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഫെബിന്‍ റാഫി സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം ഓടി രക്ഷപ്പെട്ടത്. ഒന്നര മണിക്കൂറോളം നേരത്തെ തിരച്ചിലിന് ശേഷം പിടികൂടിയ ഫെബിന്‍ റാഫിയെയും സ്റ്റേഷനിലുണ്ടായിരുന്ന ടോം തോമസിനെയും വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രി പത്തോടെ പോക്സോ കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഫെബിന്‍ റാഫിക്കെതിരെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയതിനും കേസെടുത്തിട്ടുണ്ട്.

ചിൽഡ്രൻസ് ഹോമിൽ സുരക്ഷ ഇല്ലെന്നും മാനസിക സമ്മർദ്ദമുണ്ടെന്നും ആറു പെൺകുട്ടികളും മൊഴി നൽകിയിരുന്നു. കുട്ടികൾ ചിൽഡ്രൻസ് ഹോമിൽ സുരക്ഷിതരല്ലെന്നും മകളെ വീട്ടിലേക്ക് കൊണ്ടു പോകാൻ അനുവദിക്കണമെന്നും കാണിച്ച് ഒരു പെൺകുട്ടിയുടെ അമ്മ കലക്ടർക്ക് കത്ത് നൽകി. കലക്ടർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കത്ത് കൈമാറി.

അതേസമയം, ചിൽഡ്രൻസ് ഹോമിൽ ആറ് പെൺകുട്ടികൾ ചാടിപ്പോയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാൾ ഇന്നലെ ചേവായൂ‍ർ പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി റിപ്പോർട്ട് നൽകി.

Back to top button
error: