തൊട്ടതിനും പിടിച്ചതിനുമെല്ലാം നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ഉൾപ്പടെ നിരവധി പേർ ചികിത്സയ്ക്കായി പോകുന്നത് അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കാണ്.കാരണം എന്തെന്ന് അറിയാമോ ? ഇന്ന് വൈദ്യശാസ്ത്രരംഗത്ത് ലോകത്തെവിടെയും ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും ചികിൽസാ രീതികളും ആദ്യം പ്രായോഗികമാക്കിയത് മയോ ക്ലിനിക്കിലായിരുന്നു എന്നതായിരുന്നു അതിന്റെ ഏറ്റവും ലളിതമായ ഉത്തരം.അത്രത്തോളം ഉന്നതമായ വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രമാണ് നൂറ്റൻപതിലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള മയോ ക്ലിനിക്.അമേരിക്കയിളുള്ള മിനസോ ട്ടയിലെ റോച്ചസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്നതും അരിസോണയിലും ഫ്ലോറിഡയിലും അധിക കാമ്പസുകളുമുള്ള ഒരു ഗവേഷണാധിഷ്ഠിത മെഡിക്കൽ സ്ഥാപനമാണ് മയോ ക്ലിനിക്ക്.
,
വൈദ്യശാസ്ത്രത്തിലെ ഏതൊരു വിഭാഗത്തിലും ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നൽകുന്ന ഒരു സ്ഥാപനമാണ് ഇന്ന് മയോ ക്ലിനിക്ക്.ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമായ ഇവിടെ മൂവായിരത്തോളം ശാസ്ത്രജ്ഞർ പൂർണ്ണസമയ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു.4500 ഡോക്ടർമാരും ഇതര വിഭാഗങ്ങളിലായി 58,400 പേരും ജോലിയെടുക്കുന്ന മയോ ക്ലിനിക്ക് തുടർച്ചയായി അമേരിക്കയിലെ നമ്പർ വൺ ആതുരാലയം എന്ന ഖ്യാതി നിലനിർത്തിപ്പോരുന്നു.ലോകമെമ്പാ ടുമുള്ള ആശുപത്രികളിൽ നിന്നു റഫർ ചെയ്യുന്ന പതിമൂന്ന് ലക്ഷത്തോളം രോഗികളെയാണ് വർഷംതോറും ഇവിടെ ചികിൽസിച്ചുകൊണ്ടിരിക്കുന്നത്. സേവന തത്പരരായവരുടെ സംഘബോധത്തോടെയുള്ള ഒരു പ്രവർത്തനമാണ് ഇവിടെയുള്ളത്. ‘രോഗം വരാതെ ദീർഘായുസോടെ ഇരിക്കാൻ ഉതകുന്നതാവണം ശാസ്ത്രമെന്ന’ ആശുപത്രി സ്ഥാപകനായ വില്യം മയോയുടെ വാക്കുകളെ അർഥവത്താക്കുന്ന രീതിയിലുള്ള ഗവേഷണങ്ങളാണ് മയോ ക്ലിനിക്കൽ ഓരോ ദിവസവും നടക്കുന്നത്.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോ വില്യം വോറൽ മയോ ആണ് മയോ ക്ലിനിക്കിന്റെ സ്ഥാപകൻ.1850ൽ ഇൻഡ്യാനാ മെഡിക്കൽ കോളജിൽ നിന്നും 1854ൽ മിസ്സോറി സർവകലാശാലയിൽ നിന്നുമായി രണ്ട് മെഡിക്കൽ ബിരുദങ്ങൾ നേടിയ ആളാണ് ഇദ്ദേഹം.1883ൽ റോച്ചസ്റ്ററിൽ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് 37 പേരുടെ ജീവനെടുത്തു. ഇരുന്നൂറോളം പേർക്ക് പരിക്കുപറ്റി.റോച്ചസ്റ്റർ കേന്ദ്രമായി ഒരു ആശുപത്രി ആരംഭിക്കാനുള്ള കാരണം ഈ സംഭവമായിരുന്നു.വൈദ്യപഠനം പൂർത്തിയാക്കിയ മക്കളായ വില്യമിനെയും ചാർളിയെയും ചേർത്താണ് ആശുപത്രി ആരംഭിച്ചത്.27 കിടക്കകളുള്ള ആശുപത്രി സെന്റ് മേരീസ് ഹോസ്പിറ്റൽ എന്ന പേരിൽ 1889ൽ തുടങ്ങി.പിന്നീട് ഡോക്ടറുടെ പേര് ചേർത്ത് മയോ ക്ലിനിക് എന്ന് ഇത് അറിയപ്പെടാൻ തുടങ്ങി.1911ൽ അന്തരിക്കുംവരെ ഡോക്ടർ വില്യം വൊറൽ മയോ തന്റെ പൂർണ്ണ സമയവും ചികിൽസയ്ക്കും ഗവേഷണങ്ങൾക്കുമായി ഇവിടെ വിനിയോഗിച്ചു.ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾക്ക് അവശ്യം വേണ്ട ഒരു ഉപകരണമാണ് ‘ഹാർട്ട് ലംങ് മെഷീൻ’.ഈ ഉപകരണത്തിന്റെ പോരായ്മകൾ പരിഹരിച്ച് ലോകത്ത് ആദ്യമായി വിജയകരമായി പരീക്ഷിച്ചത് അമേരിക്കയിലെ റോച്ചസ്റ്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന മയോ ക്ലിനിക്കാണ്.ഇങ്ങനെ പലതും.ഇന്ന് ലോക വൈദ്യശാസ്ത്രത്തിന്റെ അവസാന പേരാണ് മയോ ക്ലിനിക്ക്.1919 മുതൽ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആയാണ് മയോ ക്ലിനിക് പ്രവർത്തിക്കുന്നത്.