വിവാഹ സര്‍ട്ടിഫിക്കറ്റിലും തട്ടിപ്പ്
വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിരവധി തെളിവുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ റംസിയെ ഗര്‍ഭഛിദ്രം നടത്താനായി തയ്യാറാക്കിയ വ്യജ വിവാഹ സര്‍ട്ടിഫിക്കറ്റ് റംസിയുടെ മാതാപിതാക്കളുടേതെന്നാണ് പുതിയ തെളിവ്. റംസിയുടെ മാതാപിതാക്കളുടെ പേരു വിവരങ്ങളും തീയതികളും മാറ്റിയ വ്യാജ സര്‍ട്ടിഫിക്കറ്റുമായി കൊല്ലൂര്‍വിള മുസ്ലീം ജമാ അത്ത് ഭാരവാഹികളാണ് പോലിസിനെ സമീപിച്ചത്.
2017ല്‍ നല്‍കിയിരിക്കുന്ന വിവാഹ സര്‍ട്ടിഫിക്കേറ്റില്‍ 2016 ഫെബ്രുവരിയില്‍ നടന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആ തീയതിയില്‍ അവിടെ ഒരു വിവാഹം നടന്നിട്ടില്ല. മാത്രമല്ല സര്‍ട്ടിഫിക്കേറ്റില്‍ പറയുന്ന ട്രഷാറര്‍ 2012 വരെ ഉണ്ടായിരുന്നുളളൂ. 2017ലെ സര്‍ട്ടിഫിക്കറ്റും ഇങ്ങനെയല്ല, ഹാരിസിന്റെ മേല്‍വിലാസം കൊടുത്തിരിക്കുന്നത് റംസിയുടെ പിതാവിന്റെ കുടംബ വീടിന്റേതുമാണ് ഇത്തരത്തില്‍ വ്യാജ രേഖ ചമച്ചതിന് ഹാരിസിനെതിരെ ജമാ അത്ത് ഭാരവാഹികള്‍ പരാതി നല്‍കി. 1995ലാണ് റംസിയുടെ മാതാപിതാക്കളുടെ കല്യാണം കഴിഞ്ഞത് എന്നാല്‍ അവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റ് കൊടുത്തത് 2010ലാണ്. ഈ സര്‍ട്ടിഫിക്കറ്റ് വെച്ചാണ് ഇവര്‍ വ്യാജരേഖ ചമച്ചത്.
കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിലേക്കും അന്വേഷണം നീളുകയാണ്. താരത്തെ സീരിയലുകളില്‍ നിന്ന് ഒഴിവാക്കി.
സീരിയല്‍ നടിയുടെ ഗൂഢാലോചനയാണ് ഹാരീസില്‍ നിന്ന് ഗര്‍ഭിണിയായ റംസിയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയമാക്കിയതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടിയെ ചോദ്യം ചെയ്യുകയും പ്രാഥമിക പരിശോധനയ്ക്കായി നടി ഉള്‍പ്പെടെയുള്ള പ്രതിയുടെ കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു
ഹാരിസും റംസിയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നുവെന്ന കാര്യം ലക്ഷ്മി പോലീസിനോട് പറഞ്ഞു .എന്നാല്‍ പിന്നീട് ഹാരിസ് റംസിയെ വേണ്ടെന്നു പറഞ്ഞു .ഈ പശ്ചാത്തലത്തില്‍ വീട്ടുകാര്‍ ഹാരിസിന് വേറെ വിവാഹം ആലോചിച്ചുവെന്ന് ലക്ഷ്മി വെളിപ്പെടുത്തി.ഇതാദ്യമായാണ് ഹാരിസിന്റെ വീട്ടുകാര്‍ ഉള്‍പ്പെട്ടാണ് പുതിയ വിവാഹ ആലോചന നടത്തിയത് എന്ന വെളിപ്പെടുത്തല്‍ വരുന്നത് .
ജയിലില്‍ കഴിയുന്ന ഹാരിസിന്റെ ഉമ്മ ആരിഫയെയും പോലീസ് ചോദ്യം ചെയ്തു .ആരിഫ ഹാരിസുമായുള്ള ബന്ധത്തില്‍ നിന്ന് റംസിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു .പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം വ്യക്തമാണ് .10 ലക്ഷത്തോളം കടമുള്ളത് കൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാന്‍ ഹാരിസ് ശ്രമിക്കുന്നതെന്നും വീട്ടുകാരുടെ നിര്‍ദേശപ്രകാരം മറ്റൊരു വിവാഹം കഴിക്കണം എന്നുമാണ് ആരിഫ റംസിയോട് പറയുന്നത് .
വിവാഹം കഴിഞ്ഞാലും ഹാരിസിന്റെ വീട്ടില്‍ റംസിക്ക് വരാമെന്നും ആരിഫ പറയുന്നുണ്ട് .റംസി ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പാണ് ഈ സംഭാഷണം നടന്നത് .ഇനിയാര്‍ക്കും താന്‍ ശല്യം ആകില്ലെന്നാണ് റംസി ഒടുവില്‍ പറയുന്നത് .
ഹാരിസില്‍ നിന്ന് റംസി ഗര്‍ഭം ധരിച്ചിരുന്നുവെന്നു ഹാരിസിന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു .അബോര്‍ഷന്‍ നടത്തിയതും ഇവരുടെ അറിവോടെയാണ് .ലക്ഷ്മി സ്ഥിരമായി റംസിയെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ കൊണ്ടുപോയിരുന്നു .അബോര്‍ഷന് കൊണ്ട് പോയതും ഇതിന്റെ മറവില്‍ ആണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം .പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പോലീസ് ഈ വിഷയത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയിട്ടില്ല .
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം .വിളിച്ചാല്‍ ഉടന്‍ പോലീസ് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .സംസ്ഥാനം വിട്ടുപോകരുതെന്നും നിര്‍ദേശം ഉണ്ട്. അതേസമയം, സീരിയല്‍ താരം ലക്ഷ്മി പ്രമോദും കുടുബവും ഒളിവിലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഹാജരായില്ല . വീട്ടില്‍ അന്വേഷിച്ചപ്പോഴും ഇവരെ കണ്ടെത്താന്‍ ആയില്ലെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റ് ഭയന്നാണ് ഇപ്പോള്‍ നടിയും കൂട്ടരും ഒളിവില്‍ പോയതെന്നാണ് സൂചന.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവുകള്‍ റംസിയുടെയും ഹാരിസിന്റെയും സംഭാഷണങ്ങളിലും ഹാരിസിന്റെ ഉമ്മ ആരിഫയും റംസിയും തമ്മിലുള്ള സംഭാഷണങ്ങളിലും ഉണ്ട്. തന്നെ വഞ്ചിച്ചാല്‍ താന്‍ സ്വയം ഇല്ലാതാവുമെന്ന് പുറത്തു വന്ന ശബ്ദരേഖയില്‍ റംസി കൃത്യമായി പറയുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ ഹാരിസിനു പുറമെ കുടുംബവും പ്രതി ചേര്‍ക്കപ്പെടാന്‍ സാധ്യത ഉണ്ട്.ഇത് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ നടിയും ബന്ധുക്കളും ഒളിവില്‍ പോയതെന്നാണ് കിട്ടുന്ന വിവരം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ നിന്ന് മനംനൊന്ത് കൊട്ടിയം സ്വദേശി റംസി ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തില്‍ നിന്നു യുവാവ് പിന്‍മാറിയതാണെന്നു റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.