NEWS

പട പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട തന്നെ, മുന്നണികളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് -ജോസഫ് വിഭാഗം

ജോസ്-ജോസഫ് പക്ഷത്തിന്റെ തര്‍ക്കം ഒടുവില്‍ ഔദ്യോഗികമായി അവസാനിച്ച് രണ്ട് കൂട്ടരും വേവ്വെറേ വഴിക്കായെങ്കിലും പ്രശ്‌നങ്ങള്‍ക്ക് തീരുന്നില്ല. പുതിയ പോര് ഇരുപക്ഷങ്ങള്‍ക്കും മുന്നണിയോടാണ്. ജോസ് പുറത്ത് പോയ സാഹചര്യത്തില്‍ 10 സീറ്റുകളെങ്കിലും വേണമെന്ന ജോസഫ് പക്ഷത്തിന്റെ ആവശ്യത്തിന് ഇരിങ്ങാലക്കുടയും , ചങ്ങനാശേരി അടക്കം ആറ് സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാകില്ലെന്നാണ് യു.ഡി.എഫിന്റെ മറുപടി. അതേ സമയം മറുകണ്ടം ചാടിയ ജോസ് കെ മാണി സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരിക്കുന്നത് യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്സിനുണ്ടായിരുന്ന 15 സീറ്റുകളാണ്. 10 ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കേണ്ട എന്നാണ് മറുപടി. ഇതോടെ ഇരു മുന്നണികളിലും സീറ്റ് തര്‍ക്കം ആരംഭിച്ചു കഴിഞ്ഞു.

ഉപതിരഞ്ഞെടുപ്പിന്റെ ചൂടിങ്ങെത്തിയതോടെ ഇരു മുന്നണികളിലും എങ്ങനെ കൂടുതല്‍ മികച്ച വിജയം നേടാം എന്ന ചര്‍ച്ചയാണ് കാര്യമായി നടക്കുന്നത്. യു.ഡി.എഫില്‍ നിന്നും മൊഴി ചൊല്ലി ജോസ് കെ മാണിയും കൂട്ടരും ഇടതു പക്ഷത്തേക്ക് ചാഞ്ഞത് എതിരാളികളെ തെല്ലൊന്ന് ഭപ്പെടുത്തിയിട്ടുണ്ട്. മധ്യകേരളത്തിലെ ജോസ് കെ മാണിയുടെ സ്വാധീനം പാര്‍ട്ടിക്കും ഗുണം ചെയ്യുമെന്ന് ഇടതുപക്ഷത്തിന് വ്യക്തമായി അറിയാം. അതുകൊണ്ട്് തന്നെയാണ് കൂട്ടം തെറ്റിയ കുഞ്ഞാടിന് കൂടെ ചേര്‍ത്ത് വിരുന്നൊരുക്കാന്‍ അവര്‍ തീരുമാനിച്ചത്.

പക്ഷേ സൂചി കുത്താന്‍ ഇടം കൊടുത്താല്‍ തൂമ്പ കയറ്റുന്ന നാട്ടു പ്രയോഗമാണ് ഇപ്പോള്‍ ഇരുമുന്നണികളിലും കണ്ടു വരുന്നത്. രണ്ടില ചിഹ്നത്തിന്റെ അവകാശം സ്വന്തമാക്കിയ ജോസ് കെ മാണി ചുവപ്പിനോട് കൂടുതല്‍ അടുത്തപ്പോഴാണ് ആവശ്യങ്ങളുടെ പട്ടിക പുറത്തെടുത്തത്. കേരള കോണ്‍ഗ്രസ്സിന് ലഭിച്ചിരുന്ന 15 സീറ്റ് ഇടതു മുന്നണിയോട് ചോദിച്ചിരിക്കുകയാണ് ജോസ് കെ മാണി. പക്ഷേ ഇതില്‍ പലതും ഇടതു പക്ഷത്തിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇതൊന്നും കേരള കോണ്‍ഗ്രസ്സിന് നല്‍കില്ല. പാലായുടെ കാര്യത്തില്‍ മാത്രമാണ് കൃത്യമായ ധാരണ ഇരുപക്ഷത്തിനുമുള്ളത്. ഏറ്റുമാനൂരും, ചങ്ങനാശേരിയും തിരുവല്ലയും നോട്ടമിട്ട് പറക്കുന്ന ജോസിന് പക്ഷേ ഈ സീറ്റൊക്കെ കിട്ടാക്കനിയാവാനാണ് സാധ്യത. ഇവയ്ക്ക് പുറമേ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും അടക്കമുള്ള സീറ്റുകളും ജോസ് കെ മാണി നോട്ടമിട്ടിട്ടുണ്ട്. ജോസിന്റെ ആവശ്യങ്ങളോട് യോജിക്കാതെ മുഖം തിരിച്ച മുന്നണി ഏറിപ്പോയാല്‍ 10 സീറ്റ് വരെ നല്‍കാമെന്ന് പറയാതെ പറയുന്നു. സീറ്റുകളെ പറ്റി ജോസ് വിഭാഗത്തോട് ചര്‍ച്ചകള്‍ നടക്കുകയാണ്.

പാര്‍ട്ടിയുടെ അവകാശി പട്ടം നഷ്ടപ്പെട്ട പി.ജെ ജോസഫും വിലപേശലിലാണ്. കോണ്‍ഗ്രസ്സിനേട് ജോസഫ് 10 സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫിന്റെ ആവശ്യം യു.ഡി.എഫിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഇരിങ്ങാലക്കുടയും ചങ്ങനാശേരിയുമടക്കം ആറ് സീറ്റുകള്‍ മാത്രമേ ജോസഫിന് നല്‍കാന്‍ സാധിക്കു എന്നാണ് യു.ഡി.എഫിന്റെ നിലപാട്. പരസ്പരം പിരിയും മുന്‍പുള്ള ഇലക്ഷനില്‍ 15 സീറ്റാണ് യു.ഡി.എഫ് ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ വേര്‍പിരിഞ്ഞപ്പോളും ഇതേ എണ്ണം സീറ്റുകള്‍ രണ്ട് കൂട്ടരും ആവശ്യപ്പെട്ടത് ഇരു മുന്നണികളേയും വെട്ടിലാക്കിയിരിക്കുകയാണ്.

ജോസ് വിഭാഗത്തിനായി ഇടതു പക്ഷത്തിന്റെ വാതില്‍ തുറന്നു കൊടുക്കുന്നുവെന്ന് എവിടെയും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് ജോസിനെയും കൂട്ടരേയും ഇടതുപക്ഷം കൂടെ നിര്‍ത്തുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ജോസ് കെ മാണിയെ കൂടെ ചേര്‍ക്കുന്ന കാര്യത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സിപിഐ 23,24 തീയതികളില്‍ നടക്കുന്ന നേതൃയോഗത്തില്‍ മാത്രമേ ഇതിനെപ്പറ്റി നിലപാട് സ്വീകരിക്കു.

തങ്ങള്‍ നല്‍കിയ രാജ്യസഭ സീറ്റ് രാജി വെക്കുമോ എന്ന യു,ഡി.എഫിന്റെ ചോദ്യത്തിനോട് ജോസ് പ്രതികിരച്ചെങ്കിലും അണിയറയില്‍ ഒരുങ്ങുന്നത് പുതിയ കളികളാണ്. തനിക്കേറ്റവും പ്രിയപ്പെട്ട പാല തിരിച്ചു വാങ്ങി മാണി സി കാപ്പന് തന്റെ രാജ്യസഭ സീറ്റ് നല്‍കാനാണ് ജോസ് കെ മാണിയുടെ തീരുമാനമെന്നും വിവരങ്ങള്‍ വരുന്നുണ്ട്. സി.പി.എം നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം. എന്തായാലും രണ്ട് കൂട്ടരും കരുതിക്കൂട്ടിയാണ്. മുണ്ടില്‍ പിടിച്ചാലേ തോര്‍ത്തെങ്കിലും കിട്ടൂ എന്ന നാട്ടു പ്രയോഗമാണ് ജോസ് കെ മാണിയും ജോസഫും പറ്റുന്നത്.

Back to top button
error: