NEWS

ഹണിട്രാപ്പ് സംഘങ്ങൾ കേരളത്തിൽ വിലസുന്നു, സൂക്ഷിക്കുക നിങ്ങളെയും വലവീശാനിടയുണ്ട്, മലപ്പുറത്ത് യുവതി ഉൾപ്പെടെ ഏഴുപേര്‍ അറസ്റ്റിൽ

 

സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിന് ക്ഷണിക്കും. കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്ത് അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടും. വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന വ്യക്തിയുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തശേഷം പണം ആവശ്യപ്പെടും. ലിങ്ക് യു ട്യൂബിലും മറ്റും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാണ് ആവശ്യം. ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങും

Signature-ad

ലപ്പുറം: കൂട്ടിലങ്ങാടി സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിൽ പ്രതികള്‍ പിടിയിലായി. 45കാരിയായ കൊണ്ടോട്ടി സ്വദേശിനി ഫസീലയാണ് കേസിലെ ഒന്നാം പ്രതി.

ഹസീബ്, റഹീം, നിസാമുദ്ദീന്‍,ഷാഹുല്‍ , ഹമീദ് മംഗലം, നസറുദ്ദീന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
ഫസീല യുവാവിന്റെ ഫോണിലേക്ക് വിളിച്ചാണ് ബന്ധം സ്ഥാപിച്ചത്. പിന്നീട് നേരില്‍ കാണണമെന്നാവശ്യപ്പെട്ട് യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി.

ഇരുവരും കാറില്‍ സഞ്ചരിക്കുന്നതിനിടെ സംഘത്തിലെ മറ്റുള്ളവരെത്തി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പിന്നീട് ഫാസീലയോടൊപ്പമുള്ള വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു.

തുടർന്ന് പൊലീസില്‍ പരാതി നല്‍കിയ യുവാവ്, പണം നല്‍കാമെന്ന് പറഞ്ഞ് സംഘത്തെ വിളിച്ചു വരുത്തി. അങ്ങനെയാണ് കോട്ടക്കല്‍ എസ്.എച്ച്‌.ഒ, എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടിയത്.

തട്ടിപ്പ്സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി നിരവധി ഹണിട്രാപ് സംഘങ്ങളാണ് സംസ്ഥാനത്ത് വിലസുന്നത്.
വൈക്കത്ത് ഫർണീച്ചർ വർക്ക്ഷോപ്പ് ഉടമയും കാഞ്ഞങ്ങാട് റിട്ട. ബാങ്ക് മാനേജരും കോഴിക്കോട് ഗൾഫ് വ്യവസായിയും ഉൾപ്പടെ ഒട്ടേറെപ്പേർക്ക്, ഹണിട്രാപില്‍ കുടുങ്ങി പണവും മാനവും നഷ്ടമായി.

വൈക്കത്തെ ഫർണീച്ചർ വർക്ക്ഷോപ്പ് ഉടമയെ കുടുക്കിയത് കാസർകോട്കാരി രജനിയും സംഘവുമാണ്.
കാഞ്ഞങ്ങാട് റിട്ട. ബാങ്ക് മാനേജർ, ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്ററുമായി വന്ന പെൺകുട്ടിയുടെ വലയിലാണ് വീണത്. ഗൾഫ് വ്യവസായിയെ കോഴിക്കോടെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി നഗ്ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തത് സിന്ധു എന്ന യുവതിയും കൂട്ടാളികളായ എട്ടു പേരും ചേർന്നാണ്.
തൊടുപുഴയിൽ തോപ്രാംകുടി സ്വദേശിഎബ്രഹാമും ഭാര്യ മായാമോളും ചേർന്നാണ് ശാന്തമ്പാറക്കാരൻ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണവും സ്കൂട്ടറും മൊബൈൽ ഫോണും തട്ടി എടുത്തത്. .

തൃശ്ശൂർ ചേലക്കര സ്വദേശി സിന്ധു അറസ്റ്റിലായത്, പാലക്കാട് ചന്ദ്രനഗർ സ്വദേശിയെ കെണിയിൽപെടുത്തി സ്വർണ ഏലസും സ്വർണമാലയും ലോക്കറ്റും അടക്കമുള്ള സ്വർണാഭരണങ്ങൾ ഊരിവാങ്ങുകയും 1,75,000 രൂപ നിർബന്ധിച്ച് കൈക്കലാക്കുകയും ചെയ്തതിനാണ്.

കൊല്ലത്തും തിരുവനന്തപുരത്തും പോലീസ് ഓഫീസർമാർക്കിടയിലെ ശീതസമരമാണ് ഹണി ട്രാപ്പിലേക്കു നയിച്ചത്. അഞ്ചൽ സ്വദേശിയായ യുവതിയാണ് സൂത്രധാര.
ഐ.പി.എസ് ഉദ്യോഗസ്ഥനെയടക്കം കെണിയില്‍ വീഴ്‍ത്താന്‍ നിര്‍ദ്ദേശിച്ചത് മറ്റൊരു പോലീസ് ഓഫീസർ തന്നെ. തന്നെ സസ്പെന്‍ഡ് ചെയ്തതിലെ വൈരാഗ്യമാണ് കാരണം.

ഇതിനിടെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് ഹണി ട്രാപ്പില്‍ കുടുക്കുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ട്രാപ്പില്‍പെട്ടാല്‍ യാതൊരു കാരണവശാലും തട്ടിപ്പുകാര്‍ക്ക് പണം കൈമാറരുതെന്നും ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കണമെന്നുമാണ് നിർദ്ദേശം.

Back to top button
error: