നമ്മുടെ നിത്യജീവിതത്തില്‍ ചായയ്ക്കുള്ള പങ്ക് എടുത്ത് പറയേണ്ടതില്ല.മിക്കവരും ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയോട് കൂടിയാണ്. അല്‍പം ഉന്മേഷക്കുറവോ, മടുപ്പോ, നിരാശയോ തോന്നിയാല്‍ പോലും നാം ആദ്യം ആശ്രയിക്കുക ചായയെ ആണ്.കേവലം ഒരു പാനീയം എന്നതില്‍ കവിഞ്ഞ് സംസ്‌കാരത്തിന്റെ ഭാഗമായിത്തന്നെ ചായ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.
ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് പുരാതന ചൈനയിലാണ്. ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ് (Shen Nung) ഒരു വേനല്ക്കാലത്ത് കാട്ടിൽ വേട്ടക്കു പോയ സമയത്തു കുറച്ചു വെള്ളം ചൂടാക്കാനായി വെയ്ക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തിൽ കുറച്ച് ഉണങ്ങിയ ഇലകൾ ഈ വെള്ളത്തിൽ വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളം കുടിച്ച അദ്ദേഹത്തിനു ഇരട്ടി ഉന്മേഷം തോന്നുകയും അങ്ങനെ ആ ഇല (തേയില) ഇട്ട് തിളപ്പിച്ചു കുടിക്കുന്ന (ചായ) പാനീയവും പ്രചാരത്തിലായി എന്നുമാണ് ചരിത്രം അല്ലെങ്കിൽ ഐതിഹ്യം.
തേയിലയുപയോഗിച്ച് തയാറാക്കുന്ന ഒരു തരം പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച് തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്തും ചായ തയാറാക്കാം. ചൈനയിലാണ് ചായയുടെ ഉത്ഭവമെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ് ചായയെ വിളിക്കുന്നത്. ചാ എന്ന ചൈനീസ് വാക്കിൽ നിന്നാണ് ഈ പേരിന്റെ ഉൽഭവം എന്നാണ് പറയപ്പെടുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കുടിക്കുന്ന ഒരു പാനീയമാണ് ചായ. ലോകത്തിൽ ഏറ്റവും അധികം തേയില ഉൽപ്പാദിപ്പിക്കുന്ന രാജ്യവും ചൈനയാണ്. ചൈനീസ് സംസ്കാരത്തോടൊപ്പം ചായയുടെ ഉപഭോഗവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിപ്പെട്ടു. എ ഡി 800-ൽ ബുദ്ധസന്യാസിയായ ലു യു (Lu Yu) ചായയെ കുറിച്ച് വിശദമായ പുസ്തകം പുറത്തിറക്കി. അനാഥനായിരുന്ന ഇദ്ദേഹം ചൈനയിലെ ബുദ്ധവിഹാരങ്ങളിലൂടെ (Monasteries) വളർന്നു വലുതായി, അക്കാദമിക് തലങ്ങളിൽ അന്നുണ്ടായിരുന്നതിൽ അഗ്രഗണ്യന്മാരിലൊരാളുമായ ആളാണ്.
വളരെ വർഷങ്ങൾ നീണ്ടു നിന്ന ഗവേഷണങ്ങൾക്കു ശേഷം അദ്ദേഹം പുരാതന ചൈനയിൽ എങ്ങനെയാണ് ചായ വിളവെടുത്തിരുന്നതെന്നും അത് എങ്ങനെ തയ്യാറാക്കുന്നതെന്നും മനസ്സിലാക്കി. വളരെക്കാലം നീണ്ടുനിന്ന ഈ ഗവേഷണത്തിനൊടുവിൽ അദ്ദേഹം ഈ ഒറ്റക്കാരണത്താൽ ചക്രവർത്തിയുടെ ബഹുമാനത്തിനു പാത്രവുമായി. സെൻ ബുദ്ധിസത്തിന്റെ (Zen Buddhism) വക്താവായിരുന്ന ഇദ്ദേഹം ചായകുടി ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയുണ്ടായി. പിൽക്കാലത്ത് സെൻ ബുദ്ധ സന്യാസിമാരിലൂടെ ഇത് ജപ്പാനിലും എത്തിച്ചേർന്നു.
ജപ്പാനിലേക്കു തേയിലച്ചെടി ആദ്യമായി കൊണ്ടു വരുന്നതു യിസൈ (Yeisei) എന്ന ബുദ്ധ സന്യാസിയാണ്. അദ്ദേഹം ചായയുടെ പിതാവായി ജപ്പാനിൽ ഇന്നും അറിയപ്പെടുന്നു.പിൽക്കാലത്ത് ചായ ഒരു രാജകീയ വിഭവമായി, ജപ്പാനിലെ ബുദ്ധവിഹാരങ്ങളിലും, കോടതികളിലും മറ്റും നല്കി വന്നു.
ചായ സല്കാരം ഒരു ചടങ്ങായി ജപ്പാനിൽ ചാ-നൊ-യു (“Cha-no-yu” “the hot water for tea) എന്നപേരിലറിയപ്പെടുന്നു. ഇതിനെകുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ഐറിഷ്- ഗ്രീക്ക് സഞ്ചാരിയായിരുന്ന ലഫ്കാഡിയൊ ഹേം(Lafcadio Hearn) നല്കുന്നു. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: “ചായ സല്ക്കാരം എന്നുള്ളത് വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം ചെയ്യുന്ന ഒരു പ്രവൃത്തിയായിരുന്നു, ഇതിൽ ചായ ഉണ്ടാക്കുകയൊ കുടിക്കുകയൊ എന്നുള്ളതിനേക്കാളുപരി ഒരു മതാചാരം പോലുള്ള ചടങ്ങായിരുന്നു അത്.”
ചായയ്ക്ക് ജപ്പാനിൽ പ്രചാരം നൽകിയവർ ഇവരായിരുന്നു. ഇക്ക്യു(Ikkyu)-1394-1481 (പിന്നീട് സന്യാസിയായിത്തീർന്ന രാജകുമാരൻ),മുറാത്ത ഷുകൊ(Murata Shuko) (1422-1502- ഇക്ക്യുവിന്റെ ശിഷ്യൻ).സെൻ നൊ റിക്കിയു (Sen-no Rikkyu(1521-1591), ജപ്പാനിലെ ചായ സല്ക്കാരത്തിന്റെ പിതാവെന്ന് കേൾവികൊണ്ട യോദ്ധാവായിരുന്ന ടൊയോടൊമി.
ഇന്ത്യയിൽ ചായ ‘ചൂടോടെ’ പ്രചരിച്ചത് ചൈനീസ് വ്യാപാരികളുടെ വരവോടെയാണെന്നു വ്യക്തം. കേരളത്തിൽ നിന്നും വ്യത്യസ്തമായി ഉത്തരേന്ത്യയിൽ ചായയിൽ, ഇഞ്ചിപോലുള്ള സുഗന്ധദ്രവ്യങ്ങൾ ചേർക്കുന്നത് പതിവാണ്.അധരക്ക് (ഇഞ്ചി) ചായ,ഇലാച്ചി(ഏലയ്ക്ക)ചായ തുടങ്ങിയവ ഉദാഹരണം.
മെയ് 21 നാണ് അന്താരാഷ്ട്ര ചായ ദിനം.അതേസമയം ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഡിസംബര്‍ 15നാണ് ചായ ദിനം ആചരിക്കുന്നത്.പച്ചവെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽപ്പേർ കുടിക്കുന്ന പാനീയം ചായയാണ്.
* ലോകത്ത് ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ചൈനയാണ്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.
* യൂറോപ്പിൽ ചായ ആഡംബരത്തിന്റെ അടയാളമായിരുന്നു. ഒരുകാലത്ത് സ്വർണത്തേക്കാൾ വിലയേറിയ വസ്തുവായിരുന്നു ചായ.
* അമേരിക്കയിൽ തേയില നികുതി വർധിപ്പിച്ചതാണ് 1773ലെ ബോസ്റ്റൺ ടീ പാർട്ടി സംഭവത്തിലേക്കും പിന്നീട് അമേരിക്കൻ വിപ്ലവത്തിലേക്കും നയിച്ചത്. പ്രതിഷേധിച്ച അമേരിക്കക്കാർ ബോസ്റ്റൺ തുറമുഖം ആക്രമിക്കുകയും കപ്പലുകളിലുണ്ടാ യിരുന്ന തേയിലപ്പെട്ടികൾ കടലിലേക്ക് വലിച്ചെറിയുകയും ചെയ്തു.
* ഔഷധഗുണങ്ങളുമുണ്ട് ചായയ്ക്ക്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ചായ. ശരീരഭാരം കുറയ്ക്കാനും ചർമ സംരക്ഷണത്തിനും ചീത്ത കൊഴുപ്പ് അടിയുന്നത് തടയാനും ചായ സഹായിക്കുന്നതായി പഠനങ്ങളുണ്ട്.