സംഗീതസംവിധായകൻ ആലപ്പി രംഗനാഥ് അന്തരിച്ചു
‘ജീസസ്’ എന്ന സിനിമയ്ക്കാണ് രംഗനാഥ് ആദ്യമായി ഗാനമൊരുക്കിയത്. രണ്ടായിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അദ്ദേഹം നാന്നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. യേശുദാസുമായി ചേർന്ന് നിരവധി മനോഹരമായ സംഗീത സൃഷ്ടികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. കഴിഞ്ഞ ദിവസമാണ് ഹരിവരാസനം പുരസ്കാരം ശബരിമലയിലെത്തി അദ്ദേഹം സ്വീകരിച്ചത്
കോട്ടയം: പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു. ശ്വാസംമുട്ടലിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ ഞായർ രാത്രി പത്തരയോടെയാണ് അന്ത്യം സംഭവിച്ചത്. 1973ൽ പുറത്തിറങ്ങിയ ജീസസ് എന്ന സിനിമയ്ക്കാണ് ആദ്യമായി ഗാനമൊരുക്കിയത്. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാൻ്റെ മുല്ല കൊച്ചുമുല്ല, മാമലക്കപ്പുറത്ത്, ക്യാപ്റ്റൻ, ഗുരുദേവൻ തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങൾക്കു സംഗീതം പകർന്നു. ധാരാളം ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അദ്ദേഹം നാന്നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
‘സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാൻ’ എന്ന അദ്ദേഹത്തിന്റെ ഗാനം വളരെ പ്രശസ്തമാണ്. ഈ വർഷത്തെ ഹരിവരാസനം പുരസ്കാര ജേതാവാണ് അദ്ദേഹം. മലയാളത്തിലും തമിഴിലുമായി രണ്ടായിരത്തോളം ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യേശുദാസുമായി ചേർന്ന് നിരവധി മനോഹരമായ സംഗീത സൃഷ്ടികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം കഴിഞ്ഞ ദിവസം ശബരിമലയിലെത്തി അദ്ദേഹം സ്വീകരിച്ചിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂരിലാണ് കഴിഞ്ഞ 40 വർഷമായി അദ്ദേഹം താമസിച്ചിരുന്നത്.