ഭക്തസഹ്രസങ്ങൾ ശരണംവിളികളുമായി കാത്തുനിൽക്കെ ദർശന പുണ്യമായി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. പൊന്നമ്പലമേട്ടിൽ 6.50നാണ് ആദ്യ മകരവിളക്ക് തെളിഞ്ഞത്. സന്നിധാനത്ത് ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദീപാരാധന നടക്കുമ്പോഴായിരുന്നു മകരവിളക്ക് തെളിഞ്ഞത്.
അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചിന് ശരംകുത്തിയിലെത്തിയിരുന്നു. അവിടെനിന്ന് ദേവസ്വം പ്രതിനിധികൾ യാത്രയെ വാദ്യമേളങ്ങൾ, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. തുടർന്നായിരുന്നു ദീപാരാധന.