കൊറോണാക്കാലവും, മഴക്കാലവും കഷ്ടകാലവും എല്ലാം കൂടി ഒന്നിച്ചുവന്നപ്പോൾ കുറച്ചൊന്നുമല്ല സാധാരണക്കാരനെ മനസ്സിന്റെ താളം തെറ്റിച്ചത്.വരുമാനമൊന്നുമില്ലാ തെ വീട്ടിൽ തന്നെയുള്ള കുത്തിയിരിപ്പ് പലർക്കും താങ്ങാനാവുന്നതിലും അപ്പുറവുമായിരുന്നു.
ഇതൊക്കെ കൂടാതെ ജീവിതശൈലിയിലെ മറ്റു ചില കാര്യങ്ങൾ കൂടി ആകുമ്പോൾ. മാനസിക സംഘർഷം ചെറിയൊരു അളവിൽ പോലും താങ്ങാൻ സാധിക്കാതെ വരും.സമ്മർദത്തെ അതിജീവിച്ച് പോസിറ്റീവായി ജീവിതത്തെ അഭിമുഖീകരിക്കാൻ അതോടെ പലർക്കും സാധിച്ചെന്നു വരികയില്ല.അങ്ങനെ ഉള്ളവർക്കായുള്ളതാണ് യാത്രകൾ.നെഗറ്റീവ് എനർജിയിൽ നിന്നും പോസിറ്റീവ് എനർജിയിലേക്കുള്ള മാറ്റമാണ് പലപ്പോഴും യാത്രകൾ.അത് നമുക്ക് ഇരട്ടി ഊർജ്ജം പ്രദാനം ചെയ്യുന്നു.പക്ഷെ ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുന്നവന്റെ കൈയ്യിൽ അതിനുള്ള ദുട്ടെവിടെ ?
ഇങ്ങനെ മനസ്സിൽ മഴയും കോളും ഒക്കെയായി വീട്ടിൽ മടി പിടിച്ചിരിക്കുന്നവർക്ക് തുച്ഛമായ ചിലവിൽ ഒന്നു പോയി കറങ്ങി ഉഷാറായി വരുവാൻ പറ്റിയ സ്ഥലമാണ് വൈക്കത്തിനു സമീപം സ്ഥിതി ചെയ്യുന്ന പാലാക്കരി ഫാം.
മത്സ്യഫെഡ് അക്വാ ടൂറിസം സെന്ററിന്റെ നേതൃത്വത്തിലാണ് ഈ ഫാം പ്രവർത്തിക്കുന്നത്.കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ചെമ്പു ഗ്രാമത്തിൽ കാട്ടിക്കുന്നിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. കോട്ടയം ആലപ്പുഴ, എറണാകുളം ജില്ലകൾ തമ്മിൽ കൂട്ടിമുട്ടുന്ന സ്ഥലത്താണ് ഇതുള്ളത്. ഇതു കൂടാതെ മറ്റു പല പ്രത്യേകതകളും ഈ സ്ഥലത്തിനുണ്ട്. മൂവാറ്റുപുഴയാറ് വേമ്പനാട് കായലുമായിചേരുന്ന ഇടവും ഇതുതന്നെയാണ്.
ഒരു തവണ ഇവിടെ എത്തുന്നവരെ വീണ്ടും വീണ്ടും ആകർഷിക്കുന്ന ഒരു സ്ഥലമാണ് പാലാക്കരി. കായൽ കാഴ്ചകൾ കണ്ടുകൊണ്ടാണ് ഇവിടുത്ത കറക്കം ആരംഭിക്കേണ്ടത്. ഉച്ചവരെ കായലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്ര. ബോട്ടിങ്ങും അത് മടുത്താൽ തെങ്ങുകൾക്കു ചുവട്ടിൽ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ കായൽക്കാറ്റേറ്റ് വിശ്രമവും അത് പോരാത്തവർക്ക് വലയൂഞ്ഞാലും ഇനിയും മടുത്തില്ലെങ്കിൽ മീൻ പിടിക്കാനുള്ള സൗകര്യവും ഒക്കെയായി ഒത്തിരി കാര്യങ്ങള് ഇവിടെ ഒരുക്കിയിട്ടുണ്ട്. പട്ടം പറത്താനും നീന്തൽ പഠിക്കാനും ഒക്ക ഇവിടെ ധാരാളം ആളുകൾ എത്താറുണ്ട്.
ചൂണ്ടയിടാൽ താല്പര്യമുള്ളവർക്ക് ഇവിടെ അതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പത്തു രൂപ അധികമായി നല്കിയാൽ ചൂണ്ട ലഭിക്കും. കായലിന്റെ തീരത്ത് ചൂണ്ടയിട്ടു കൊണ്ടിരിക്കുന്ന കുട്ടികളടക്കമുള്ളവർ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.രാവിലെ മുതൽ വൈകിട്ട് വരെ ഒരു പകൽ മുഴുവൻ അടിപൊളിയായി ആസ്വദിച്ച് ചിലവഴിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്.ഉച്ചയ്ക്കത്തെ മീനും കൂട്ടിയുള്ള ഊണാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഭക്ഷണം കുറച്ചുകൂടി ആഘോഷമാക്കണം എന്നുള്ളവർക്ക് ഇനിയും ഓപ്ഷനുണ്ട്. കക്കയിറച്ചിയും കൊഞ്ചും കരിമീനും ഉൾപ്പെടെയുള്ള വിഭവങ്ങൾ പ്രത്യേക നിരക്കിൽ ഇവിടെ ലഭിക്കും.
ഇത്രയും സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഇവിടെ ഇതിനെല്ലാമായി വാങ്ങുന്നത് വെറും 200 രൂപ മാത്രമാണ്. ഉച്ച ഭക്ഷണവും ബോട്ട് യാത്രയും ഉൾപ്പെടെയാണിത്.രാവിലെ 10.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ് ഇവിടുത്തെ സന്ദർശന സമയം. മുതിർന്ന ആളുകൾക്കാണ് 200 രൂപ. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈടാക്കുന്നത് 150 രൂപയാണ്.ഇനി വൈകിട്ട് മാത്രമേ എത്താൻ സാധിക്കുകയുള്ളൂ എന്നാണെങ്കിലും കുഴപ്പമില്ല. വൈകിട്ട് 3.00 മുതൽ 6.00 വരെ മാത്രമായി ഇവിടെ ചിലവഴിക്കുവാൻ 50 രൂപയാണ് നല്കേണ്ടത്. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 25 രൂപ മതിയാകും.
പാലാക്കരിയിൽ നിന്നും പോയി കാണുവാൻ പറ്റിയ വേറെയും സ്ഥലങ്ങളുണ്ട്. വൈക്കം മഹാദേവ ക്ഷേത്രം, കാഞ്ഞിരമറ്റം ജുമാ മസ്ജിദ്, ചോറ്റാനിക്കര ദേവി ക്ഷേത്രം, തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം, ഫോർട്ട് കൊച്ചി, വല്ലാർപാടം പള്ളി തുടങ്ങിയവ ഇവിടേക്കുള്ള യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ സ്ഥലങ്ങളാണ്.