കുട്ടനാട് സ്വന്തമാക്കി ജോസഫ്, യു ഡി എഫിനെ മൊഴി ചൊല്ലി ജോസ് കെ മാണി
ഉപതിരഞ്ഞെടുപ്പാണ് ഇപ്പോള്‍ കേരള കോൺഗ്രസ് എമ്മിനക്കകത്തും പുറത്തും ചര്‍ച്ചാ വിഷയം. എതിര് ദിശയിലോടുന്ന ജോസ് ജോസഫ് വിഭാഗങ്ങളെ ഒന്നിച്ചൊരു കുടക്കീഴില് അണിനിരത്തുന്നതില്‍ പരാജയപ്പെട്ട യു.ഡി.എഫിന് തിരഞ്ഞെടുപ്പ് കൊടിയ പരീക്ഷണമാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് നടക്കുന്ന യു.ഡി.എഫ് ചര്‍ച്ചയില്‍ കുട്ടനാട് ജോസഫ് വിഭാഗത്തിന് നല്കാന് ധാരണയായേക്കും. ഇന്നത്തെ യോഗത്തിലേക്ക് ജോസ് കെ മാണിക്ക് ക്ഷണമില്ല. കുട്ടനാട് ജോസഫ് വിഭാഗത്തി് കൈമാറാനാണ് മുന്നണി തീരുമാനമെങ്കില്‍ അത് ജോസ് കെ മാണി വിഭാഗവും മുന്നണിയും തമ്മിലുള്ള വഴിപിരിയല്‍ കരാറിലെ അവസാന പേജായി മാറും. രണ്ടും രണ്ട് വഴിക്കായി പിരിയും. ജോസ് കെ മാണിയോട് മുന്നണി നേതൃത്വം അനൗദ്യോഗികമായി ബന്ധപ്പെടുന്നുവെങ്കിലും ശുഭ സൂചനകളൊന്നും ഇതുവരെ മുന്നണിക്ക് ലഭിച്ചിട്ടില്ല.
പരസ്പരം പോരടിക്കുന്ന ഇരുവിഭാഗങ്ങളും ഒരു കൂടക്കീഴില്‍ അണി നിരന്നാല്‍ അത് മുന്നണിക്ക് തന്നെ ദോഷമാണെന്ന് അഭിപ്രായപ്പെടുന്നവരും അകത്തുണ്ട്. അങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തഴഞ്ഞെങ്കിലും മുന്നണിക്കൊപ്പം നില്ക്കുന്ന ജോസഫ് പക്ഷത്തോട് മമത കൂടാനുള്ള സാധ്യതകളാണ് കാണുന്നത്. ജോസ് പുറത്തേക്ക് പോകുന്ന സാഹചര്യത്തില്‍ ജോസഫുമായി ഇടയാന്‍ യു.ഡി.എഫ് തയ്യാറാല്ല. അതേ സമയം ഉപതിരഞ്ഞെടുപ്പ് വിജയിക്കുവാനുള്ള എല്ലാ വഴികളും കൂട്ടമായി ആലോചിക്കാനും പദ്ധതിയുണ്ട്.
ജോസഫ് ജോസ് വിഭാഗങ്ങളുടെ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈ എടുത്തിരുന്ന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ദൗത്യം ഉപേക്ഷിച്ച മട്ടാണ്. ത്ന്റെ ഉദ്ദേശ്യ ശുദ്ധിക്കു നേരെ ജോസ് വിഭാഗം മുഖം തിരിച്ചതിന്റെ അലോസരം കുഞ്ഞാലിക്കുട്ടിക്കുമുണ്ട്. യു.ഡി.എഫിന് പുറത്ത് ആരുമായും രാഷ്ട്രീയ സഖ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് ചുമതല മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം