പത്തനംതിട്ട: കോന്നി വനമേഖലയിൽ നിന്നും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.കഴിഞ്ഞ
സെപ്റ്റംബറിൽ വനത്തിനുള്ളിൽ കാണാതായ ദമ്പതികൾക്കു വേണ്ടി വനംവകുപ്പ് സംഘം പരിശോധന നടത്തി വരുന്നതിനിടയിലായിരുന്നു ഇത്. തലയോട്ടിയും അസ്ഥികളും ഉൾപ്പടെയുള്ളവയാണ് കണ്ടെത്തിയത്.അതേസമയം കണ്ടെടുത്ത അവശിഷ്ടങ്ങൾ കാണാതായ ദമ്പതികളുടെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി.
വനത്തിൽ നിന്നും തേനും കുന്തിരിക്കവും ശേഖരിക്കാൻ പോയ കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജൻ കോളനിയിൽ ശശി (24), ഭാര്യ സുനിത (22) എന്നിവരെയാണ് കഴിഞ്ഞ സെപ്റ്റംബർ മുതൽ കാണാതായത്.പരാതിയെ തുടർന്ന് മാസങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കയായിരുന്നു.