ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഭക്ഷ്യ സംസ്കരണ പാർക്കിനു ഭൂമി അനുവദിച്ചുകൊണ്ടുളള ഉത്തരവ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിക്കു കൈമാറി യുപി സര്‍ക്കാര്‍.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ ഗ്രേറ്റര്‍ നോയിഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്ര ഭൂഷണ് ആണ് ഉത്തരവു കൈമാറിയത്.
പാര്‍ക്കിന്റെ മാതൃക മുഖ്യമന്ത്രി അനാവരണം ചെയ്തു. 20,000 ടണ്‍ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യാനും ലോകത്തുടനീളമുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യാനുമാണു ലക്ഷ്യമിടുന്നത്. 8 മാസത്തിനകം സജ്ജമാകുന്ന പദ്ധതിയിലൂടെ 3000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്നു നേരിട്ട് ഉല്പന്നങ്ങള് സ്വീകരിക്കും. പാര്‍ക്കിന്റെ ആദ്യഘട്ട നിക്ഷേപം 500 കോടി രൂപയാണ്. 700 പേര്‍ക്ക് നേരിട്ടും 1500 ലേറെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
2000 കോടി ചെലവഴിച്ച് ലക്നൗ നഗരത്തില്‍ ആരംഭിക്കുന്ന ലുലു മാള്‍ 2022 ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യുമെന്ന് എം.എ. യൂസഫലി അറിയിച്ചു. അമര്‍ ഷഹീദ് റോഡിലെ മാളിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. 22 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീര്‍ണം. 11 സ്ക്രീന്‍ തിയറ്റര്‍, എന്റര്ടെയ്ന്മെന്റ് സെന്റര്‍, റെസ്റ്ററന്റുകള്‍, 3000 ലേറെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് തുടങ്ങി രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളുണ്ട്.