കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച മുന്‍ മജിസ്ട്രേറ്റ് എസ്.സുദീപിനെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
സുധീപ് നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച സമന്‍സ് ഹൈക്കോടതി റദാക്കി. സുദീപ് വ്യക്തിപരമായി ആക്ഷേപിക്കുന്നതില്‍ തനിക്കു പരാതി ഇല്ല. എന്നാല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. സ്വയം രക്തസാക്ഷിയാകാന്‍ ആണ് സുദീപ് ശ്രമിക്കുന്നത്. അതിനു വളം വച്ചു നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റുകള്‍ വഴി അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഇടപെടുമെന്നും അന്വേഷണം നന്നായി നടക്കണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മോന്‍സന്‍ മാവുങ്കലിന് എതിരായ മൂന്നു കേസുകളില്‍ കുറ്റപത്രം ആയെന്നു ഡിജിപി കോടതിയെ അറിയിച്ചു.