കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള മദ്യക്കടത്ത് കേസില്‍ 4 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാം പ്രതിയായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജ്,ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്സ് സി.ഇ.ഒ സുന്ദരവാസന്‍ മൂന്നും നാലും പ്രതികളായ പ്ലസ് മാക്സ് ജീവനക്കാരായ മദന്‍, കിരണ്‍ ഡേവിഡ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2019ലാണ് കേസിനാസ്പദമായ സംഭവം. യാത്രക്കാരുടെ വ്യാജപ്പേരില്‍ ആറ് കോടി രൂപയുടെ മദ്യം ഡ്യൂട്ടി ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. മദ്യം പുറത്തേക്ക് കടത്താനായി 15ല്‍പ്പരം എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചായിരുന്നു തട്ടിപ്പ്. കൈക്കുഞ്ഞുങ്ങളുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ചും മദ്യം കടത്തിയിരുന്നു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം ആദ്യം കണ്ടെത്തിയത്. ഇതിന് ശേഷമാണ് സി.ബി.ഐ കേസന്വേഷണം നടത്തിയത്.
എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ച് ഡ്യൂട്ടി ഫ്രീ കമ്പനിക്ക് നല്‍കിയത് ലൂക്ക് ആണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലൂക്ക് രണ്ട് വര്‍ഷത്തോളം ഒളിവിലായിരുന്നു. ഇതിന് ശേഷം സി.ബി.ഐക്ക് മുന്നില്‍ ഹാജരായി കീഴടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യം നേടുകയും ചെയ്തു. ഉന്നത സ്വാധീനമുപയോഗിച്ച് ഇയാള്‍ ഇപ്പോഴും തിരുവനന്തപുരത്ത് ഓഡിറ്റ് വിഭാഗത്തില്‍ സൂപ്രണ്ട് ആയി സര്‍വീസില്‍ തുടരുകയാണ്.