രാജ്യത്തിന്റെ അഭിമാനമായ ചെങ്കോട്ടയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ള കേസ് കോടതി തള്ളി.ചെങ്കോട്ടയുടെ ഉടമാവകാശം തനിക്കാണെന്ന് അവകാശപ്പെട്ടുകൊണ്ട് മുഗൾ വംശത്തിലെ ഒരു വിധവ സമർപ്പിച്ച ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. മുഗൾ രാജവംശത്തിലെ ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫർ രണ്ടാമന്റെ പേരമകനായ മിർസ മുഹമ്മദ് ബദർ ഭക്തിന്റെ ഭാര്യ സുൽത്താന ബീഗമാണ് ചെങ്കോട്ടയുടെ അവകാശം തേടി കോടതിയെ സമീപിച്ചത്.
ഉടമാവകാശം മാത്രമല്ല, തന്റെ ഉടമസ്ഥതയിലുള്ള വസ്തു അനധികൃതമായി കൈവശം വെച്ചതിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിനിയായ സുൽത്താന മുഗൾ ചക്രവർത്തിയുടെ പേരമകന്റെ വിധവയാണെന്ന് പറഞ്ഞാണ് കോടതിയെ സമീപിച്ചത്. 1857ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിയമവിരുദ്ധമായി ചെങ്കോട്ട പിടിച്ചെടുക്കുകയായിരുന്നെന്നും ഇവർ കോടതിയിൽ വാദിച്ചു.
പക്ഷെ കാലതാമസം ചൂണ്ടിക്കാട്ടി സുൽത്താന ബീഗം നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. 1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിങ്ങളുടെ സ്വത്ത് പിടിച്ചെടുത്തതായി ഹർജിയിൽ പറയപ്പെടുന്നു.കോടതിയിൽ എത്താൻ 150 വർഷത്തിലേറെ കാലതാമസം വരുത്തിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.