കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്ന നഗരവും ടൂറിസ്റ്റ് കേന്ദ്രവും കൊച്ചിയാണ്.കടലും കായലും പച്ച തുരുത്തുകളും ബോട്ട് സവാരിയുമെല്ലാം ചേർന്ന കൊച്ചിയുടെ കാഴ്ചകൾ മറ്റേതൊരു ഇൻഡ്യൻ നഗരത്തേക്കാളും തികച്ചും വിഭിന്നമാണ്.മട്ടാഞ്ചേരിയിലെയും ഫോർട്ടുകൊച്ചിയിലെയും ചരിത്രം തുടിക്കുന്ന സ്മാരകങ്ങൾ കാണാനും ഏറെപ്പേരാണ് ഇവിടേക്ക് എത്തുന്നത്.
‘ലിവിങ് മ്യൂസിയം’ എന്നാണ് ഫോർട്ടുകൊച്ചി വിനോദസഞ്ചാര മേഖലയിൽ അറിയപ്പെടുന്നത്.ഈ ചരിത്രനഗരം നടന്ന് കാണണം. ബാസ്റ്റ്യൻ ബംഗ്ലാവ്, വാസ്കോ ഡി ഗാമയുടെ മൃതദേഹം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് പള്ളി. ഡച്ചുകാരുടെ കാലത്ത് നിർമിച്ച ഡേവിഡ് ഹാൾ, ഡച്ച് സെമിത്തേരി, പോർച്ചുഗീസ് മ്യൂസിയം, പരേഡ് ഗ്രൗണ്ട്, ഫോർട്ടുകൊച്ചി കടപ്പുറം, കടപ്പുറത്തെ മനോഹരമായ ചീനവലകൾ, പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങൾ, മട്ടാഞ്ചേരി കൊട്ടാരം, പുരാതനമായ ജൂതപ്പള്ളി, പോർച്ചുഗീസ്-ബ്രിട്ടീഷ് ഭരണകാലത്ത് നിർമിക്കപ്പെട്ട ഗോഡൗണുകൾ, ജൈന ക്ഷേത്രം ഇതൊക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.
മറ്റു ജില്ലകളിൽ നിന്ന് എറണാകുളത്ത് എത്തുന്നവർക്ക് എളുപ്പത്തിൽ ഫോർട്ട്കൊച്ചിയും, മട്ടാഞ്ചേരിയും സന്ദർശിക്കാവുന്നതാണ്.മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷനിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരമേ എറണാകുളം ബോട്ട് ജെട്ടിയിലേക്കുള്ളൂ.പുതുവൈപ്പ് ലൈറ്റ് ഹൗസ്, ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച ചെറായി ബീച്ച്,
മുനമ്പം മുസിരിസ് ബീച്ച്,തൃപ്പൂണിത്തുറ ഹിൽപ്പാലസ്,തണ്ണീർച്ചാൽ പാർക്ക്,മറൈൻ ഡ്രൈവ്.. തുടങ്ങി അസംഖ്യം വിനോദസഞ്ചാര കേന്ദ്രങ്ങൾ വേറെയും ഇവിടെയുണ്ട്.
ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച്
നിരവധി ആഘോഷ പരിപാടികൾക്കാണ് ഫോർട്ട് കൊച്ചി ഈ ദിവസങ്ങളിൽ വേദിയാകുന്നത്.ക്രിസ്തുമസ് ആഘോഷങ്ങളോടൊപ്പം പുതുവത്സരാഘോഷങ്ങളുടെ വരവറിയിക്കുന്ന കൊച്ചിൻ കാർണിവെല്ലും, ഡിസംബർ 31ന് പന്ത്രണ്ട് മണിക്ക് ക്രിസ്മസ് പപ്പാഞ്ഞിയെ കത്തിക്കുന്നതും ഫോർട്ട്കൊച്ചിയിലെ മുഖ്യ ആഘോഷങ്ങളാണ്. പുതുവത്സര തിരക്ക് പ്രമാണിച്ച് ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ ഫോർട്ട്കൊച്ചി സന്ദർശകർക്ക് ബോട്ട് സർവ്വീസ് ഉപയോഗിക്കാവുന്നതാണ്. വെളുപ്പിന് 5 മണിക്ക് ഫോർട്ട് കൊച്ചിയിൽ നിന്നും ആദ്യ ബോട്ട് എറണാകുളത്തേക്ക് പുറപ്പെടും.
എറണാകുളം ജെട്ടിയിൽ നിന്നും നിലവിൽ ആറ് ബോട്ടുകളാണ് വില്ലിങ്ടൺ ഐലൻഡ്, ഫോർട്ട് കൊച്ചി, വൈപ്പിൻ എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തുന്നത്. ഇവ കൂടാതെ വരാപ്പുഴ, പിഴല, ചിറ്റൂർ, താന്തോന്നിത്തുരുത്ത്, കോതാട്, മൂലമ്പിള്ളി, കടമക്കുടി, മുളവ്കാട്, കൊറംകോട്ട, ബോൾഗാട്ടി, പൊന്നാരിമംഗലം, മുളവുകാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും എറണാകുളം ജെട്ടിയിൽ നിന്നും ബോട്ട് സർവ്വീസുണ്ട്.
സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ ബോട്ടുകൾ ദിവസേന മുപ്പതോളം യാത്രകളാണ് എറണാകുളം ജെട്ടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് നടത്തുന്നത്. 20 മിനിറ്റില്‍ താഴെയാണ് ബോട്ട് യാത്രക്ക് എടുക്കുന്നത്. അരമണിക്കൂർ ഇടവിട്ട് ബോട്ടുകൾ ഫോർട്ട് കൊച്ചിയിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്നുണ്ട്.
ഫോർട്ട് കൊച്ചി, ഐലൻഡ്, വൈപ്പിൻ എന്നിവിടങ്ങളിലേക്ക് നാലു രൂപയാണ് ബോട്ട് ചാർജ്. ബസ് ചാർജുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.മാത്രമല്ല, ഗതാഗത കുരുക്കുമൂലമുള്ള സമയനഷ്ടവും ഒഴിവാക്കാം; വശ്യമനോഹരമായ കാഴ്ചകളും ആസ്വദിക്കാം.