KeralaNEWS

ചൂട് പിടിച്ച് ക്രിസ്തുമസ് വിപണി

ഴയ കാലത്തേതുപോലെ തണുപ്പില്ലാതിരുന്നിട്ടും ഈ ഡിസംബറിൽ പടക്കങ്ങൾ ഉൾപ്പെടെയുള്ള ക്രിസ്തുമസ് വിപണി തണുത്തു മരവിച്ചായിരുന്നു ഇത്രയും ദിവസങ്ങൾ കഴിഞ്ഞിരുന്നത്.പക്ഷെ ഡിസംബർ രണ്ടാം പകുതിയോടെ കളി മാറി.ആൾക്കൂട്ട ആരവങ്ങളിൽ മുങ്ങിനിവരുകയാണ് ക്രിസ്തുമസ് വിപണി.

കേക്കില്ലാതെന്തു ക്രിസ്മസ്. ക്രിസ്മസിന്റെ ഭാഗമായി തുടങ്ങുന്ന കേക്കുവിൽപ്പന പുതുവർഷംവരെ നീണ്ടുനിൽക്കും.100 കോടി രൂപയുടെ ബിസിനസാണ് സംസ്ഥാനത്ത് വിവിധ ബേക്കറികളിലായി നടക്കുന്നത്. ഹോം മെയ്ഡ് കേക്കുകളും വിപണിയിലെത്തും.

ഇത്തവണ വിപണിയിൽ വൈവിധ്യങ്ങളേറെയാണ്. പ്ലം കേക്കുകൾക്കു പുറമെ, ചോക്ലേറ്റ് കേക്കുകൾ, ഫ്രഷ് ക്രീം കേക്കുകൾ എന്നിവയുമുണ്ട്. 300 മുതൽ 1,000 രൂപയ്ക്കുമേൽ വില വരുന്ന കേക്കുകൾ വിപണിയിലുണ്ട്.

Signature-ad

വൈനുകളും ചില്ലുകൂട്ടിൽ ഒരുങ്ങിയിട്ടുണ്ട്. മാളുകളിലും മറ്റും വിവിധ രുചികളിൽ വൈനുകൾ തയ്യാറാണ്. ഒരുകോടി രൂപയുടെ വൈൻ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ പേരും വീട്ടിൽത്തന്നെ വൈനുണ്ടാക്കുന്നതിനാലാണ് വിപണിയിൽ സാന്നിധ്യം കുറയുന്നത്.

ക്രിസ്മസ് സമ്മാനക്കാലം കൂടിയാണ്. ചെറിയ ഗിഫ്റ്റുകൾ മുതൽ വമ്പൻ ഗിഫ്റ്റ് ഹാംപറുകൾ വരെ വിപണിയിലെത്തിട്ടുണ്ട്. സ്കൂളുകൾ തുറന്നിട്ടുണ്ടെങ്കിലും മുൻകാലങ്ങളിലെപോലെ വിപിലുമായ ആഘോഷങ്ങൾ ഇല്ലാത്തതിനാൽ എത്രമാത്രം ഗിഫ്റ്റുകൾ വിറ്റുപോകുമെന്ന് ആശങ്കയുമുണ്ട്. അതേസമയം കേർപ്പറേറ്റ് ഗിഫ്റ്റുകൾക്കായുള്ള ഓർഡറുകൾ വന്നു തുടങ്ങിയിട്ടുണ്ട്.

കേക്കുകൾ, ജ്യൂസ്, ഡ്രൈ ഫ്രൂട്ട്സ്, കുക്കീസ് തുടങ്ങിയവ ചേരുന്ന സമ്മാനപ്പൊതികളാണ് കോർപ്പറേറ്റ് ആവശ്യങ്ങൾക്കു വിൽക്കുന്നത്. 750 മുതൽ 5,000 രൂപ വരെയുള്ള ഹാമ്പറുകൾ ലഭ്യമാണ്. 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് ഹാമ്പറുകളാണ് സംസ്ഥാനത്ത് ചെലവാകുന്നത്.

വീട് അലങ്കരിക്കൽ, പുൽക്കൂട് ഒരുക്കൽ എന്നിവയും ക്രിസ്മസിന്റെ ഭാഗമാണ്. എൽ.ഇ.ഡി. ലൈറ്റുകൾ, ക്രിസ്മസ് ട്രീ, നക്ഷത്രങ്ങൾ, പൂൽക്കൂട്, ഉണ്ണിയേശു സെറ്റ്, ക്രിസ്മസ് പപ്പയുടെ വേഷം തുടങ്ങി എല്ലാവിധ ഉത്പന്നങ്ങളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.

30 രൂപ മുതലുള്ള പേപ്പർ നക്ഷത്രങ്ങൾ മുതൽ 700 രൂപയോളം വരുന്ന എൽ.ഇ.ഡി. നക്ഷത്രങ്ങൾവരെ വിപണിയിലെ താരമാണ്. ക്രിസ്മസ് ട്രീയും, റെഡിമെയ്ഡ് പുൽക്കൂടുകളും വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 5000 രൂപയോളം വരുന്ന പുൽക്കൂടുകളുണ്ട്.മൊത്തം അഞ്ചു കോടിയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്.

ക്രിസ്മസിന് പുത്തൻ വസ്ത്രങ്ങൾ തേടിയെത്തുന്നവരും കുറവില്ല. കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ വേണ്ട എല്ലാ വസ്ത്രങ്ങളും ക്രിസ്മസ് കളക്ഷനിൽ ലഭ്യമാണ്. കോമ്പോ ഓഫറുകളും മറ്റ് ഡിസ്കൗണ്ടുകളും വ്യാപാരികൾ ഒരുക്കിയിട്ടുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങൾ മുതൽ ഒരു കുടുംബത്തിന് മുഴുവനായും ഒരേ പാറ്റേണിലുള്ള വസ്ത്രങ്ങൾ വേണമെങ്കിൽ അവയും ലഭ്യമാണ്. ഡിസൈനർ വസ്ത്രങ്ങൾക്കൊപ്പം ക്രിസ്മസ് സ്പെഷ്യൽ ഡിസൈൻ വസ്ത്രങ്ങളും വസ്ത്രവിപണിയിലെ താരങ്ങളാണ്.20-25 കോടിയുടെയെങ്കിലും കച്ചവടം നടക്കുമെന്നാണ് പ്രതീക്ഷ.

ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കാൻ അനുമതി രാത്രി 11.55 മുതൽ 12.30 വരെ മാത്രമാണെങ്കിലും ചൂട് പിടിച്ച് തുടങ്ങിയിട്ടുണ്ട് പടക്ക വിപണിയും.കച്ചവടം മോശമാകിലെന്ന പ്രതീക്ഷയിലാണ് പടക്ക വ്യാപാരികൾ.കേരളത്തിൽ ഏറ്റവും കൂടുതൽ പടക്കം വിൽക്കുന്നത് ക്രിസ്തുമസ്-ന്യൂ ഇയർ കാലത്താണ്.

Back to top button
error: